തിരുവനന്തപുരം: ഒന്നര ദിവസത്തോളം നഗരത്തെ വലച്ച വഴുതക്കാട്ടെ പൈപ്പ് പണി ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. ആൽത്തറ- വഴുതക്കാട് റോഡിലുള്ള 300 എം.എം പൈപ്പ്ലൈനിൽ നിന്ന് ആകാശവാണി റോഡിലേക്കുള്ള ഇന്റർക്കണക്ഷൻ ജോലികൾ ചെയ്യുന്നതിനിടെ കനത്ത മഴയും സാങ്കേതിക തടസങ്ങളെയും തുടർന്ന് പണി നീണ്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കനത്ത മഴ തുടരുന്നതിനിടെ അരുവിക്കര 72 എം.എൽ.ഡി ജലസംഭരണിയിൽ നിന്നുള്ള ജലവിതരണവും നിറുത്തിവച്ചു. പണിക്കിടെ ഇന്നലെ രാത്രി വെൽഡിംഗ് മെഷീനും ജനറേറ്ററും തകരാറിലായതോടെ പ്രശ്നം സങ്കീർണമായി. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വഴുതക്കാട് ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ 8 മുതൽ രാത്രി 8 വരെ പണി നടത്താനാണ് നിശ്ചയിച്ചിരുന്നത്. രണ്ട് മാസത്തിലേറെയായി റോഡിന്റെ മദ്ധ്യത്തിൽ കുഴിയെടുത്തിട്ടിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രണ്ടിലേറെ തവണ മാറ്റിവച്ച പണി ശനിയാഴ്ച രാവിലെ തുടങ്ങിയതിന് പിന്നാലെ മഴ കനത്തതും പ്രശ്നം രൂക്ഷമാക്കി. കുഴിയിൽ വെള്ളം നിറഞ്ഞതോടെ മുറിച്ചുമാറ്റിയ പൈപ്പ് യോജിപ്പിക്കുന്നതിന് വെൽഡിംഗ് നടത്താനാവാത്ത സ്ഥിതിയുമുണ്ടായതോടെ അരുവിക്കര ജലസംഭരണിയിൽ നിന്നുള്ള ജലവിതരണം നിറുത്തിവച്ചു. ഇതിന് പിന്നാലെ,​ ഇന്റർക്കണക്ഷൻ ജോലികൾ ചെയ്തിരുന്ന തിരുമല,​ ജഗതി ഭാഗങ്ങളിൽ നിന്ന് പൈപ്പിൽ കൂടി വെള്ളമെത്തിയത് സങ്കീർണാവസ്ഥയ്ക്കിടയാക്കി. തുടർന്ന് ഏഴോളം പമ്പുസെറ്റുകൾ ശനിയാഴ്ച രാത്രിയിലും ഇന്നലെ പകലുമായി പ്രവ‌ർത്തിപ്പിച്ചാണ് കുഴിയിലെ വെള്ളം വറ്റിക്കാനായതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. തുടർന്ന് രണ്ടിലേറെ തവണ വെൽഡിംഗ് മെഷീനും ജനറേറ്ററും പണിമുടക്കുകയും ചെയ്തതോടെ രാത്രി 8ന് തീർക്കാനിരുന്ന പണി നീളുകയായിരുന്നു.

ടാങ്കർ വെള്ളമെത്തിയത് രാത്രിയിൽ

പണി നീണ്ടതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളമെത്തിച്ചു തുടങ്ങിയെങ്കിലും ഇന്നലെ വൈകിട്ടും ടാങ്കറെത്താത്തത് പലയിടത്തും പ്രതിഷേധത്തിനിടയാക്കി. രാത്രിയോടെയാണ് വഞ്ചിയൂർ ഭാഗത്ത് വെള്ളമെത്തിച്ചത്. വഴുതക്കാട്, തൈക്കാട് മേഖലയിൽ പത്തോളം ടാങ്കറുകളിലായി രാവിലെ മുതൽ വെള്ളമെത്തിച്ചെങ്കിലും ഇടറോഡുകളിലും ചെറിയ വഴികളിലും ടാങ്കറുകളെത്താതിരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കി.

ചോർച്ച പരിഹരിച്ചില്ല

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡുപണി പൂർത്തിയാക്കിയ വഴുതക്കാട്,​ മേട്ടുക്കട,​ തൈക്കാട് ഭാഗത്തുണ്ടായ ചോർച്ചയ്ക്ക് പരിഹാരമുണ്ടായില്ല. ആൽത്തറ- മേട്ടുക്കട റോഡിലുള്ള പഴയ പൈപ്പിലാണ് ചോർച്ചയുള്ളതെന്നും പുതിയ പൈപ്പിലൂടെയുള്ള ജലവിതരണം പൂർത്തിയായാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.

കുര്യാത്തിയിൽ ഇന്നും

കുടിവെള്ളം മുടങ്ങും

കുര്യാത്തി സെക്ഷന്റെ പരിധിയിൽ വരുന്ന 700 എം.എം പൈപ്പ് ലൈനുകളിൽ നടത്തുന്ന ഇന്റർക്കണക്ഷൻ ജോലിയുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ 11 മുതൽ രാത്രി 11വരെ കുര്യാത്തി, ശ്രീകണ്‌ഠേശ്വരം, ചാല, വലിയശാല, മണക്കാട്, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, ഫോർട്ട്, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ, വലിയതുറ, തമ്പാനൂർ, ശംഖുംമുഖം, കളിപ്പാൻകുളം, ആറ്റുകാൽ എന്നിവിടങ്ങളിൽ ജലവിതരണം ഭാഗികമായി തടസപ്പെടും. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.