
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റലാക്കിയെങ്കിലും വരുമാനം കുറയാതിരിക്കാൻ സർവീസ് ചാർജ് കുത്തനെ കൂട്ടി മോട്ടോർ വാഹന വകുപ്പ്. 60 രൂപയിൽ നിന്ന് 200 രൂപയായാണ് വർദ്ധിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ സോഫ്റ്റ്‌വെയറിലൂടെ ഡിജിറ്റൽ പകർപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം എന്നിരിക്കെയാണിത്.
നേരത്തെ ലൈസൻസ് അച്ചടി ചാർജിനത്തിൽ ഈടാക്കിയിരുന്നത് 200 രൂപയാണ്. അതിൽ 60 രൂപ അച്ചടി കരാറുകാരനും ശേഷിക്കുന്ന 140 രൂപ മോട്ടോർ വാഹന വകുപ്പിനുമായിരുന്നു. ഡിജിറ്റലാക്കിയതോടെ അച്ചടിക്കൂലി ഇല്ലാതായി. എന്നാൽ, സർവീസ് ചാർജ് 60ൽ നിന്ന് 140 രൂപ വർദ്ധിപ്പിച്ച് 200 രൂപ ആക്കിയതിലൂടെ തുടർന്നും അതേ തുക വകുപ്പിന് ലഭിക്കുന്ന തരത്തിലാണ് വർദ്ധന. അച്ചടിക്കൂലി കുടിശിക വർദ്ധിച്ചതോടെ കരാർ സ്ഥാപനം അച്ചടി നിറുത്തിയതോടെയാണ് ഡിജിറ്റൽ ലൈസൻസിന് സർക്കാർ അനുമതി നൽകിയത്.
നേരത്തേ ലൈസൻസിന് ഫീസ് 200 രൂപ, ഫോം ഫീസായി 200 രൂപ, സർവീസ് ചാർജായി 60 രൂപ, തപാൽക്കൂലിയായി 45 രൂപ എന്നിങ്ങനെ 505 രൂപയാണ് ഈടാക്കിയിരുന്നത്. ഡിജിറ്റലിലേക്ക് മാറിയപ്പോൾ ലൈസൻസിന് 200 രൂപയും സർവീസ് ചാർജായി 200 രൂപയും മാത്രം എന്ന വിധത്തിൽ മാറ്റം വരുത്തിയെന്ന് അധികൃതർ പറയുന്നു. അതിനാൽ, സർവീസ് ചാർജ് കൂടിയെങ്കിലും ആകെ ചാർജിൽ 100 രൂപ കുറഞ്ഞില്ലേ എന്നാണ് വിശദീകരണം.
അധിക ചെലവില്ലെങ്കിലും കൂട്ടി
1.ഡിജിറ്റലാക്കുമ്പോൾ വരുമാനം കുറയാൻ പാടില്ലെന്ന് ധനവകുപ്പ് നിർദ്ദേശിച്ചിരുന്നു. അതിനാലാണ് സർവീസ് ചാർജ് ഉയർത്തി ധനനഷ്ടം ഒഴിവാക്കിയത്. ഒരുവർഷത്തിനിടെ ലൈസൻസ് അച്ചടിയിൽ ചെലവ് കഴിച്ച് 80 കോടിയുടെ ലാഭം സംസ്ഥാന സർക്കാരിനുണ്ട്
2.ഡിജിറ്റൽ പകർപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാരിന് ചെലവൊന്നുമില്ല. ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റേതാണ്. ഇതുപയോഗിച്ചാണ് ഡിജിലോക്കറിലും എം.പരിവാഹനിലും സൗജന്യമായി പകർപ്പ് ലഭ്യമാക്കുന്നത്