
നെടുമങ്ങാട്: മൈലം ജി.വി രാജ സ്കൂളിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വൈകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം. പൈപ്പ് ഇടീലിനായി ഒരു വർഷം മുമ്പ് വാട്ടർ അതോറിട്ടി എടുത്ത കുഴികളാണ് നാട്ടുകാർക്ക് ദുരിതമായത്. കുഴിച്ചെടുത്ത മണ്ണ് ഇപ്പോഴും റോഡുവക്കിൽ കുന കൂടിക്കിടപ്പാണ്. മഴയിൽ മണ്ണ് ഒലിച്ചിറങ്ങിയതിനാൽ ഓടകൾ പൂർണമായി അടഞ്ഞു. ഒഴുകിപ്പോകാൻ ഇടമില്ലാതെ റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങുന്നതും ടൂവീലർ യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. പി.ഡബ്ലിയു.ഡി, പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്. വിദ്യാർത്ഥികളുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡിനാണീദുർഗതി. അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊതുപ്രവർത്തകൻ മൈലം സത്യാനന്ദന്റെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകി.