photo

ഗൃഹാതുരതയുണർത്തി ഇടിഞ്ഞാർ ട്രൈബൽസ്‌കൂൾ

ഇടിഞ്ഞാർ: വിദ്യാലയ മുറ്റത്ത് ഈറ്റയിലയും പുല്ലും ഓലയും മേഞ്ഞ ചായക്കട. പഴയകാല സിനിമ പോസ്റ്ററുകൾ കണ്ട്,വർഷങ്ങൾക്ക് മുമ്പുള്ള ദിനപ്പത്രങ്ങൾ വായിച്ച് കട്ടൻചായയും പരിപ്പുവടയും കഴിച്ചു മടങ്ങാം.

പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഇടിഞ്ഞാർ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിൽ കേരളപ്പിറവിയുടെ ഭാഗമായി ഒരുക്കിയതാണ് പഴയകാല ചായക്കട. അദ്ധ്യാപക രക്ഷാകർതൃ സമിതിയാണ് പുല്ലുമേഞ്ഞ ചായക്കട സജ്ജമാക്കിയത്. ആദിവാസികളും കർഷകരും തൊഴിലാളികളും തിങ്ങിവസിക്കുന്ന പ്രദേശത്തിന്റെ ആദ്യകാല സാമൂഹ്യ ജീവിതം പുതുതലമുറയെ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ചായക്കടയിൽ കാച്ചിൽ,ചേമ്പ്,ചേന മുതലായവയും റെഡിയാണ്.

വിഭവങ്ങൾ കഴിക്കാൻ കർഷകർ,അദ്ധ്യാപകർ,മാതാപിതാക്കൾ,പൊതുപ്രവർത്തകർ,വിദ്യാർത്ഥികൾ എന്നിവരുടെ വേഷത്തിൽ സ്‌കൂൾ കുട്ടികളെത്തിയതോടെ കേരളപ്പിറവി ആഘോഷം കെങ്കേമമായി. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ.ബി.ബാലചന്ദ്രൻ വിശിഷ്ടാഥിതിയായി. പി.ടി.എ പ്രസിഡന്റ് സുബീഷ്,ഹെഡ്മിസ്ട്രസ് ജസ്റ്റ്‌ലസ് സേവ്യർ തുടങ്ങിയവർ സമ്മാനവിതരണം നിർവഹിച്ചു.