ranjith-sam-subin

നെയ്യാറ്റിൻകര: പെരുമ്പഴുതൂരിൽ കടയുടമയെ കൊല്ലാൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു.അരുവിക്കര മണ്ടേല കൊക്കോതമംഗലം മേലേവിളവീട്ടിൽ രഞ്ജിത്ത് (34),കല്ലറ പാങ്ങോട് ഒഴുകുപാറ തുമ്പോട് എസ്.ജി ഭവനിൽ സാം(29), നെടുമങ്ങാട് മഞ്ച പത്താംകല്ല് പറക്കാട് തോട്ടരികത്തുവീട്ടിൽ സുബിൻ (32) എന്നിവരാണ് പിടിയിലായത്. പെരുമ്പഴുതൂർ ജംഗ്‌ഷനിലെ പലവ്യഞ്‌ജന വ്യാപാരിയായ രാജനെയാണ് കാറിലെത്തിയ ആറംഗസംഘം പിന്തുടർന്ന് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.കഴിഞ്ഞ ഒക്ടോബർ 28ന് രാത്രി 11.30ന് കടയടച്ച ശേഷം രാജൻ സ്വന്തം ആക്റ്റീവ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകവെ വിഷ്ണുപുരത്ത് വച്ചായിരുന്നു സംഭവം. മാരകായുധങ്ങളുമായി സ്കൂട്ടറിനെ പിന്തുടർന്ന സംഘം ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാർ കൊണ്ട് സ്‌കൂട്ടറിനെ ഇടിച്ചിട്ട ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ കടന്ന് കളയുകയായിരുന്നു.നിരവധി സി.സി.ക്യാമറകളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.വ്യാപാരിക്കെതിരെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഒരു സ്ത്രീയുടെ ബന്ധു കേസിലെ ഒന്നാം പ്രതിയായ രഞ്ജിത്തിന് നൽകിയ ക്വട്ടേഷനെ തുടർന്നാണ് ആക്രമണം നടന്നതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറയുന്നു.നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ സി.ഐ.പ്രവീൺ,എസ്.ഐ.ആശിഷ്,സിപി.ഒമാരായ അരുൺ കുമാർ,ബിനോയ് ജസ്റ്റിൻ,ലെനിൻ,ഷിജിൻദാസ്,രാഹുൽ ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്‌.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികളായ മൂന്ന് പേരെയും ആക്രമണത്തിനായി ക്വട്ടേഷൻ നൽകിയ നെയ്യാറ്റിൻകര സ്വദേശിയേയും കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണ്.


ഫോട്ടോ: അറസ്റ്റിലായ രഞ്ജിത്ത്,സാം,സുബിൻ