1

പോത്തൻകോട്: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വെള്ളം കയറി കർഷകന്റെ 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. പ്രദേശത്തെ 1000ത്തോളം വാഴകളും നശിച്ചു. പോത്തൻകോട് അയിരൂപ്പാറ മേലേവിള വാർഡിൽ പ്രദീപ് കുമാറിന്റെ കോഴിക്കുഞ്ഞുങ്ങളാണ് വെള്ളം കയറി ചത്തത്. 25 ചാക്ക് കോഴിത്തീറ്റകളും ഫാമിലെ സാമഗ്രികളും വെള്ളത്തിൽ നശിച്ചു. കനത്ത മഴയിൽ സമീപത്തെ നീർചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതാണ് പ്രദേശത്ത് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എട്ട് ദിവസം പ്രായമായ ഇറച്ചിക്കോഴി കുഞ്ഞുങ്ങളാണ് ചത്തത്. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രദീപ്കുമാർ പറഞ്ഞു.തോടിന് കുറുകെ അശാസ്ത്രീയമായി ബ്ലോക്ക് പഞ്ചായത്ത് റോഡ് പണി നടത്തിയതും വെള്ളം കയറാൻ കാരണമായി.ഇത് ആദ്യമായാണ് മഴയിൽ പ്രദേശം മുഴുവനും വെള്ളത്തിലാകുന്നത്. നാല് കർഷകരുടെ 1000 ത്തോളം വാഴകളും വെള്ളം കയറി നശിച്ചു.