
തിരുവനന്തപുരം: സ്റ്റിയറിംഗ് തിരിക്കാൻ മകൻ. ഡബിൾ ബെല്ലടിക്കാൻ അമ്മ. ഇന്നലെ കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല മെഡിക്കൽ കോളേജ് സ്വിഫ്ട് ബസിലെ കൗതുകക്കാഴ്ചയായിരുന്നു ഇത്. ആര്യനാട് സ്വദേശി യമുന കണ്ടക്ടറായ ബസിൽ ഡ്രൈവറായത് മകൻ ശ്രീരാഗ്. സ്വിഫ്ട് സർവീസിലെ ആദ്യ വനിതാ ജീവനക്കാരിയാണ് യമുന. 2009 മുതൽ ആര്യനാട് ഡിപ്പോയിലെ ബദലി കണ്ടക്ടറായിരുന്ന യമുനയ്ക്ക് 2022 മുതൽ സ്വിഫ്ടിലാണ് ജോലി. സ്വിഫ്ട് ഉദ്ഘാടന ദിനം മുഖ്യമന്ത്രിയിൽ നിന്ന് റാക്ക് വാങ്ങിയാണ് സ്വിഫ്ടിലെ കണ്ടക്ടറായത്. ഡ്രൈവിംഗിൽ കമ്പമുള്ള മകൻ ശ്രീരാഗിന് കഴിഞ്ഞ ആഴ്ചയാണ് സ്വിഫ്ടിൽ നിയമനം ലഭിച്ചത്. അമ്മയ്ക്കൊപ്പം ആദ്യ ഡ്യൂട്ടി ചെയ്യണമെന്ന ശ്രീരാഗിന്റെ ആഗ്രഹം കെ.എസ്.ആർ.ടി.സി അധികൃതർ ഇടപെട്ടാണ് സാക്ഷാത്കരിച്ചത്. ഇന്നലെ ഇരുവരും ഒരുമിച്ച് സസന്തോഷം ഡ്യൂട്ടി ചെയ്തു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച് കഴിച്ചതും, ഏറെ ശ്രദ്ധാപൂർവ്വം മകൻ ബസ് ഓടിച്ചതും അമ്മ യമുനയുടെ മനസ് നിറച്ചു. 27കാരനായ ശ്രീരാഗ് വനംവകുപ്പിലെ താത്കാലിക ഡ്രൈവറായിരുന്നു. കണ്ടക്ടർ ലൈസൻസുള്ള ശ്രീരാഗിന് ഡ്രൈവറായി ജോലി ചെയ്യാനാണ് ഏറെ ഇഷ്ടം. യമുനയുടെ ഭർത്താവ് വർക്ക്‌ഷോപ്പ് ജീവനക്കാരനായ രാജേന്ദ്രൻ ആശാരിയാണ്. മുട്ടത്തറ എൻജിനിയറിംഗ് കോളേജിലെ താത്കാലിക ജീവനക്കാരനാണ് ഇളയമകൻ സിദ്ധാർത്ഥ്. ആര്യനാട് ശ്രീരാഗ്ഭവനിലാണ് യമുനയും കുടുംബവും താമസിക്കുന്നത്.