eastfort

തിരുവനന്തപുരം: കിഴക്കേകോട്ട ഗ്യാരേജിന് മുന്നിലെ അടുത്തടുത്തായുള്ള മൂന്ന് കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ബസിൽ നിന്നിറങ്ങുന്നവർ നേരെ കാലെടുത്തു കുത്തുന്നത് കുഴികളിലേക്കാണ്. സൂക്ഷിച്ചില്ലെങ്കിൽ വീഴുമെന്നു മാത്രമല്ല, കാലൊടിഞ്ഞ് കിടക്കേണ്ടിയും വരും. ഈ അപകടക്കുഴികൾ നികത്താൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സമീപത്തെ വ്യാപാരികൾ പരാതിപ്പെടുന്നു.

കിഴക്കേകോട്ടയിലെ ഗ്യാരേജിന് മുന്നിൽ കെ.എസ്.ആർ.ടി.സിയുടെ പെട്രോൾ പമ്പിനോടു ചേർന്നാണ് അടുത്തടുത്തായി കുഴികളുള്ളത്. തൊട്ടടുത്തുള്ള നടപ്പാതയിലെ കോൺക്രീറ്ര് ടൈലുകളും ഇളകിക്കിടക്കുകയാണ്. മഴക്കാലത്ത് ഇവിടെ കുഴി നിറയെ വെള്ളം കെട്ടിനിന്ന് റോഡേത് കരയേതെന്ന് തിരിച്ചറിയാൻ വയ്യാത്ത സ്ഥിതിയുമുണ്ട്. കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. എത്രയുംവേഗം കുഴി മൂടി നടപ്പാത നന്നാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.