കടയ്ക്കാവൂർ: വിളബ്ഭാഗം മില്ല്മുക്ക് -കണ്ണേറ്റിൽ റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയായി. ടാറിളകി റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്ലാവഴികം റസിഡന്റ്സ് അസോസിയേഷൻ അധികൃതർക്ക് നിവേദനം നൽകിയിട്ടും നാളിതുവരെ നടപടികളുണ്ടായില്ല. അധികൃതർ അറിഞ്ഞഭാവം പോലും കാണിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വെട്ടൂർ പഞ്ചായത്തിലെ പ്രധാന മാർക്കറ്റായ വിളബ്ഭാഗം മാർക്കറ്റിലേക്ക് പോകുന്നതിനായി ധാരാളം ആളുകൾ ഉപയോഗിക്കുന്ന റോഡാണിത്. കാൽനടപോലും ദുസഹമാണ്.വാട്ടർ അതോറിട്ടി പെെപ്പ് ഇടുന്നതിനായി ടാർകട്ടിംഗ് നടത്തിയ ഭാഗങ്ങൾ കോൺഗ്രീറ്റ് ചെയ്യാത്തതുമൂലം ഈ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ ഈ കുഴികളിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നതും പതിവായിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്നും തുരുത്തിലേക്കുളള കവാടം കൂടിയാണ് ഈ റോഡ്. പൊന്നുംതുരുത്തിൽ പോകുന്നതിനായി ധാരാളം യാത്രക്കാർ ഈ റോഡ് ഉപയോഗിക്കുന്നു. റോഡിന്റെ ഇരുവശങ്ങളും പുൽക്കാടും ഇഴജന്തുക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പൊതുവെ വാഹനങ്ങളുടെ അമിതവേഗത മൂലം ഇതുവഴിയുളള കാൽനടയാത്രക്കാരും ഏറെ ഭീതിയിലാണ്. മില്ല്മുക്ക് -കണ്ണേറ്റിൽ റോഡിന്റെ ഈ അവസ്ഥ പരിഹരിച്ച് റോഡ് റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.