kula

തിരുവനന്തപുരം: ഒരുകാലത്ത് കുലക്കച്ചവടത്തിന് പേരുകേട്ട മണക്കാട് മർക്കറ്റ് ഇന്ന് നാശത്തിന്റെ വക്കിലാണ്. അധികാരികളുടെ അവഗണന കാരണമുണ്ടാകുന്ന മാലിന്യപ്രശ്നം വേറെ. മാർക്കറ്റ് നവീകരിക്കാൻ പദ്ധതികളുമില്ല. പ്രതാപത്തിന്റെ വലിയ ചരിത്രമുണ്ട് മണക്കാട് മാർക്കറ്റിന്. ചാലയിലെ വാഴക്കുലക്കച്ചവടത്തിന് വേണ്ടി മാത്രം തുടങ്ങിയ ചന്ത. നാടെമ്പാടുമുള്ള ചായക്കടക്കാരും മുറുക്കാൻ കടക്കാരും വാഴക്കുലകൾ ഇവിടെ എത്തിയാണ് വാങ്ങിയിരുന്നത്. ദിവസവും പുലർച്ചെ മൂന്നോടെ ചന്ത ഉണരും. അൻപതും അറുപതും ലോഡ് വാഴക്കുലകൾ എത്തിയിരുന്നു. മറിപ്പുകാരും ചുമട്ടുകാരും അടുക്കുകാരും കുലകൾ പൊതിഞ്ഞു കൊടുപ്പുകാരുമടക്കം ചന്തയിലെ നൂറ്റമ്പതോളം തൊഴിലാളികൾ. ഇവരുടെ മാത്രമല്ല, ഇവിടെ കച്ചവടത്തിന് വന്നുപോയിരുന്ന അനേകരുടെയും അന്നമായിരുന്നു ചന്ത. ജോലിക്കനുസരിച്ച് കൂലിയും കിട്ടിയിരുന്നു. ചന്തയുടെ ഗ്രൗണ്ടിൽ വാഴക്കുലകൾ കൂട്ടിയിട്ട് മതിപ്പ് ലേലം വിളിച്ചായിരുന്നു കച്ചവടം. ഇന്നതൊക്കെ മാറി. തൂക്കം സമ്പ്രദായമായതോടെ കിലോക്കണക്കിനാണ് വില്പന. മറ്റ് പ്രദേശങ്ങളിൽ കുലവാഴകളുടെ മൊത്തക്കച്ചവട കേന്ദ്രങ്ങൾ ആരംഭിച്ചതോടെ വില്പന കുറഞ്ഞു. ചന്തയിലേക്കെത്തുന്ന ലോഡുകളുടെ എണ്ണം കുറഞ്ഞതോടെ തൊഴിലാളികളും കുറഞ്ഞു. കൂലിയിലും മാറ്റം വന്നു. ഇന്ന് മറിപ്പുകാരായി 11 പേരും അടുക്കുകാരായി 10 പേരുമാണുള്ളത്. കിട്ടുന്നത് തുച്ഛ വരുമാനമാണെന്നാണ് തൊഴിലാളികളുടെ പരാതി.

മാലിന്യ പ്രശ്നം

വാഴക്കുലകളും കൊണ്ടെത്തുന്ന ലോറികളിലെ ലോഡുകളൊഴിഞ്ഞാൽ കരിയിലകൾ ചന്തയുടെ പിന്നിൽ കുന്നുകൂടും. ഇത് രാത്രിയിൽ കത്തിക്കുകയാണ് പതിവ്. ഇടയ്ക്ക് മഴയായാൽ അഴുകി നാറി ചന്തയ്ക്കകത്ത് കാലുകുത്താനാവാത്ത സ്ഥിതിയാകും. ഇലകളഴുകി മലിനജലം കെട്ടിനിന്നുള്ള ദുരിതം വേറെയും. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് സമീപവാസികളുടെ ജീവിതം ദുസഹമാക്കുന്നതായി അവർ പരാതിപ്പെടുന്നു. തൊട്ടടുത്താണ് ഹെൽത്ത് ഓഫീസ് കെട്ടിടവും കുര്യാത്തി എൽ.പി സ്കൂളും. കൂടാതെ മാർക്കറ്റിനോടു ചേർന്ന് 35 മാലിന്യശേഖരണ എയ്റോബിക് ബിന്നുകളും എം.ആർ.എഫ് യൂണിറ്റുകളുമുണ്ട്.

ലാഭമില്ലാത്ത പരിപാലനം

നഗരസഭയ്ക്കാണ് മണക്കാട് മാർക്കറ്റിന്റെ നിയന്ത്രണം. വർഷാവർഷം കരാർ എടുക്കുന്നയാളാണ് മാർക്കറ്റ് പരിപാലിക്കുന്നത്. എന്നാൽ പഴയതുപോലെ കച്ചവടമില്ലാത്തത് കരാറുകാരനേയും വലയ്ക്കുന്നുണ്ട്. കുലക്കച്ചവടം ചെയ്യുന്ന ഡസനിലേറെ സ്റ്റാളുകളും കുലകൾ ഉറയിടുന്ന ഇരുപത് ഉറപ്പെട്ടികളിൽ നിന്നുള്ള വരുമാനവും കച്ചവടക്കാരിൽ നിന്നുള്ള പിരിവും വന്നുപോകുന്ന വണ്ടിക്കാരുടെ വാടകയുമാണ് ആകെ വരുമാനം. ഇതുകൊണ്ട് മാർക്കറ്ര് നേരെചൊവ്വേ നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണ് കരാറുകാരനായ രാധാകൃഷ്ണൻ പറയുന്നത്.

മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ഏറെ അപകടം ക്ഷണിച്ചുവരുത്തുമെന്ന് നഗരസഭയോട് പലവട്ടം പറഞ്ഞു. ഫലമുണ്ടായില്ല. വെള്ളായണി കാർഷിക കോളേജിന് നൽകിയാൽ ഈ മാലിന്യം കൃഷിക്ക് ഉപയോഗിക്കാൻ കഴിയും. അതിനുള്ള സംവിധാനം നഗരസഭ ഒരുക്കണം.

മണക്കാട് സുരേഷ്,

വാർഡ് കൗൺസിലർ