
ഏതു കാര്യത്തിലും കുറ്റവും കുറവും കണ്ടെത്തി വിവാദമാക്കി മാറ്റുന്ന മലയാളി ശീലത്തിൽ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഏറ്റവും ഒടുവിൽ ഹയർ സെക്കൻഡറി പരീക്ഷയുടെ സമയക്രമത്തെച്ചൊല്ലിയാണ് വിവാദവും പ്രതിഷേധവുമൊക്കെ ഉരുണ്ടുകൂടുന്നത്. പ്ളസ് വൺ, പ്ളസ് ടു പരീക്ഷകൾ ഉച്ചയ്ക്കുശേഷം വരുന്ന ക്രമത്തിൽ ടൈംടേബിൾ പുറത്തുവന്നു കഴിഞ്ഞു. ഇതു പുനഃപരിശോധിക്കണമെന്നും പരീക്ഷ രാവിലെയാക്കി ക്രമീകരിക്കണമെന്നുമാണ് അദ്ധ്യാപക സംഘടനകളുടെ ആവശ്യം. ഇതിന് അവർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ ഇതാണ്- മാർച്ച് മാസം കഠിനമായ ചൂടുള്ള കാലമാണ്. ഉച്ചകഴിഞ്ഞുള്ള പരീക്ഷ കുട്ടികളെ തളർത്തും. ഇതിനു പുറമെ, മാർച്ച് നോമ്പുകാലം കൂടിയാണ്. മുസ്ളിം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വ്രതമനുഷ്ഠിച്ചുകൊണ്ട് ഉച്ചകഴിഞ്ഞുള്ള പരീക്ഷ കഠിനമായിരിക്കും. ഈ രണ്ടു കാരണങ്ങളാൽ പരീക്ഷ രാവിലെയാക്കുന്നത് അഭികാമ്യമായിരിക്കുമെന്നാണ് വാദം.
ഇവിടെ ഓർക്കേണ്ട ഒരു കാര്യം, രാവിലെയാണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സമയം നിശ്ചയിച്ചിട്ടുള്ളത്. നാലര ലക്ഷത്തോളം കുട്ടികൾ പത്താം ക്ളാസ് പരീക്ഷയെഴുതാൻ തയ്യാറെടുക്കുകയാണ്. എസ്.എസ്.എൽ.സി പരീക്ഷ ഉച്ചസമയത്തേക്കു മാറ്റിയാൽ ഈ വിഭാഗം കുട്ടികൾക്ക് പ്രയാസമാകില്ലേ? ഹയർ സെക്കൻഡറി കുട്ടികളെക്കാൾ ഒന്നുരണ്ടു വയസ് കുറഞ്ഞവരാകുമല്ലോ പത്താം ക്ളാസ് പരീക്ഷയെഴുതുന്നത്. വേനലും ചൂടുമൊക്കെ ഏവർക്കും ഒരുപോലെ ബാധകമാണല്ലോ. നോമ്പ് ആചരിക്കുന്നവർ പത്താം ക്ളാസുകാർക്കിടയിലും കാണുമെന്നതിനാൽ പരീക്ഷയുടെ പേരിൽ വെറുതേ വിവാദമുണ്ടാക്കുന്നത് ശരിയായ രീതിയല്ല. രാജ്യത്തൊട്ടാകെ മാർച്ച് പരീക്ഷാ മാസമാണ്. കാലങ്ങളായി വർഷാവസാന പരീക്ഷ മാർച്ച് മാസത്തിലാണ്. മാർച്ചിൽ പരീക്ഷ പൂർത്തിയാക്കി, മേയിൽ ഫലം പ്രഖ്യാപിച്ച്, ജൂൺ മാസത്തിൽ ഉപരിപഠനം ആരംഭിക്കും വിധമാണ് അദ്ധ്യയന വർഷം രാജ്യത്തൊട്ടാകെ ക്രമീകരിച്ചിട്ടുള്ളത്.
ചൂടു കൂടിയാലും തണുപ്പു കൂടിയാലും സാധാരണ ഗതിയിൽ ഇതിനൊന്നും മാറ്റം വരാറില്ല. കൊവിഡ് മഹാമാരി ലോകത്തെയാകെ കീഴ്‌പ്പെടുത്തിയ കാലത്ത് ഇതിനു മാറ്റം വന്നുവെന്നത് യാഥാർത്ഥ്യമാണ്. സാധാരണ അവസരങ്ങളിൽ പൊതുവേ ഒരിക്കൽ തീയതി കുറിച്ച പരീക്ഷകൾ പിന്നീട് അടിയന്തര സാഹചര്യങ്ങളിലല്ലാതെ മാറ്റാറില്ല. കുട്ടികൾക്കും അതാണു നല്ലത്. വർഷങ്ങൾക്കു മുൻപ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തീരുംവിധമായിരുന്നു പരീക്ഷകൾ ക്രമീകരിച്ചിരുന്നത്. പത്താം ക്ളാസ് പരീക്ഷ ആറുദിവസം കൊണ്ട് പൂർത്തിയായിരുന്നു. കോളേജ് പരീക്ഷകൾക്കുമുണ്ടായിരുന്നു നിശ്ചിത ദിവസങ്ങളും സമയക്രമങ്ങളുമൊക്കെ. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് ഇടവേളകൾ നൽകി പരീക്ഷകൾ ക്രമീകരിക്കുന്ന സമ്പ്രദായം നിലവിൽ വന്നത്. പാഠഭാഗങ്ങൾ ആവർത്തിച്ചു പഠിക്കാനും സമ്മർദ്ദങ്ങളില്ലാതെ പരീക്ഷയെഴുതാനും കുട്ടികൾക്ക് ഇപ്പോൾ അവസരമുണ്ട്.
മാർച്ച് കഴിയുമ്പോൾ വേനൽ കനക്കുമെന്നതിനാൽ പരീക്ഷ നീട്ടിക്കൊണ്ടു പോകാനുമാകില്ല. നിലവിലെ സാഹചര്യങ്ങളിൽ മൂന്നു മണിക്കൂർ പരീക്ഷ കുട്ടികളെ സംബന്ധിച്ച് വലിയ പ്രശ്നമുണ്ടാക്കുമെന്നു തോന്നുന്നില്ല. അദ്ധ്യാപക സംഘടനകൾ ഉച്ചയ്ക്കുശേഷമുള്ള പരീക്ഷയോട് അസഹിഷ്ണുത പുലർത്തുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. ഉച്ചകഴിഞ്ഞു നടക്കുന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ പായ്ക്ക് ചെയ്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കാനും പ്രയാസം നേരിടുമെന്നാണ് വാദം. ഈ പ്രശ്നം പത്താം ക്ളാസ് പരീക്ഷ ഉച്ചത്തേക്കു മാറ്റിയാലും ബാധകമാകില്ലേ? സ്‌കൂളുകളുടെ സ്ഥലസൗകര്യങ്ങളും ഇൻവിജിലേഷനുള്ള അദ്ധ്യാപകരുടെ സംഖ്യയും മറ്റും കണക്കിലെടുത്താണ് പരീക്ഷകൾ രാവിലെയും ഉച്ചയ്ക്കുമായി നടത്താറുള്ളത്. അതുകൊണ്ട് പരീക്ഷകൾ മുറപോലെ നടക്കട്ടെ എന്നാണ് വിവാദവുമായി നിൽക്കുന്നവരോടു പറയാനുള്ളത്.