വിഴിഞ്ഞം: സാമൂഹികാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ നാലുനിലമന്ദിരം നോക്കുകുത്തിയായി. പണി പൂർത്തിയായിട്ടും പ്രവർത്തനത്തിന് ഇനിയും കാലതാമസം നേരിടുമെന്നാണ് സൂചന. തീരദേശത്തിന് മികച്ച ചികിത്സയെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് 2018ൽ 3നില കെട്ടിടനിർമ്മാണം ആരംഭിച്ചത്. ഇതിനിടെ അദാനി തുറമുഖ നിർമ്മാണ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടത്തിന്റെ നാലാമത്തെ നിലയും പൂർത്തിയാക്കി. ഇതുവരെയും ബഹുനില മന്ദിരത്തിൽ വൈദ്യുതി ലഭ്യമായിട്ടില്ല. ഫയർഫോഴ്സ് വാഹനം കടന്നുപോകാൻ കഴിയാത്തതിനാൽ അഗ്നിശമനസേനയിൽ നിന്നുള്ള സുരക്ഷാ അനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. അടിയന്തരഘട്ടത്തിൽ ഫയർഫോഴ്സ് വാഹനത്തിന് ഇവിടെ എത്തിച്ചേരാൻ കഴിയാത്ത വിധമുള്ള ഇടുങ്ങിയ റോഡാണ് ആശുപത്രി മന്ദിരത്തിന് മുന്നിലുള്ളത്. ഈ റോഡ് വീതികൂട്ടാൻ അധിക സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച സാങ്കേതിക നടപടികൾ പൂർത്തിയാക്കാനുള്ള കാലതാമസമെന്നാണ് ആക്ഷേപം. 3 നില മാത്രം ഉൾപ്പെടുത്തി പ്രവർത്തനമാരംഭിക്കാൻ ഇടയ്ക്ക് ആലോചനയുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇത് നടന്നില്ല. പ്രവർത്തനമാരംഭിക്കണമെങ്കിൽ ആവശ്യത്തിന് ഡോക്‌ടർമാർ, ജീവനക്കാർ, സാങ്കേതിക ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. പശ്ചാത്തല സൗകര്യ ലഭ്യതയ്ക്കായി 1.5 കോടി രൂപയുടെ എസ്റ്റിമേറ്റും, സ്പെഷ്യലിസ്‌റ്റുകളുൾപ്പെടെ 50ഓളം ജീവനക്കാരുടെ കണക്കും മേലധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

നിർമ്മാണച്ചെലവ് - 7.79 കോടി രൂപ

രോഗികൾ വീർപ്പുമുട്ടുന്നു

പഴയ മന്ദിരത്തിലുണ്ടായിരുന്ന ഒ.പി, ലാബ്, ഫാർമസി തുടങ്ങിയ വിഭാഗങ്ങളെല്ലാം പലയിടത്തായി പരിമിത സൗകര്യങ്ങളിലാണിപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനാൽ രോഗികളും കൂട്ടിരിപ്പുകാരും വല്ലാതെ ബുദ്ധിമുട്ടുകയാണ്. ഇവ പ്രവർത്തിച്ചിരുന്ന പഴയ ആശുപത്രിയുടെ ഏതാനും കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതോടെയാണ് രോഗികൾ ബുദ്ധിമുട്ടിലായത്.

ജില്ലാ ആശുപത്രി വേണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായ സ്ഥിതിക്ക് വിഴിഞ്ഞത്ത് ജില്ലാതലത്തിലുള്ള വലിയ ആശുപത്രി വേണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി കുറഞ്ഞത് രണ്ടേക്കറോളം ഭൂമി അധികമായി വേണമെന്ന വ്യവസ്ഥയുള്ളതായി ബന്ധപ്പെട്ടവർ പറഞ്ഞു. സമീപത്തെ വസ്തു വാങ്ങുന്നതിനും ആലോചനയുള്ളതായി അധികൃതർ പറഞ്ഞു.