hi

കിളിമാനൂർ: മഴ പെയ്താൽ കരേറ്റ് മുതൽ വാമനപുരം പാലം വരെയുള്ള ഭാഗങ്ങളിൽ ആറിന് തുല്യമായാണ് വെള്ളം നിറയുന്നത്. ഇവിടെ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ള ഓടകളുടെ ഗുണംകൊണ്ട് ഓടകളിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. നഗരൂർ, കല്ലറ, കിളിമാനൂർ, വെഞ്ഞാറമൂട് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് കാരേറ്റ് ജംഗ്ഷൻ.

കാരേറ്റ്- കല്ലറ റോഡ് നിർമ്മാണവും ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ പണി ആരംഭിച്ചെങ്കിലും പാതി വഴിയിൽ അത് നിലച്ചു. ഇതുമൂലംഒഴുകിവരുന്ന മഴവെള്ളം കാരേറ്റ് ജംഗ്ഷനിലാണ് എത്തുന്നത്. ഇതോടെ ഇവിടം കൂടുതൽ വെള്ളത്തിനടിയിലാകും. റോഡിലെ വെള്ളവും ഓടകളിലെ വെള്ളവും ഒക്കെയായി കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും നിരന്തരം അപകടത്തിലാകുന്നു.

 മാലിന്യം ഓടയിലേക്ക്

ഓടകളിലെ മാലിന്യം യഥാസമയം നീക്കം ചെയ്യാത്തതാണ് പ്രധാനമായും വെള്ളക്കെട്ടിന് കാരണം. ഇടയ്ക്ക് മാലിന്യം നീക്കം ചെയ്തെങ്കിലും ഇവ റോഡരികിൽ തന്നെകൂട്ടിയിട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ മഴ പെയ്തതോടെ ഈ മാലിന്യം വീണ്ടും ഓടയിലെത്തി. മഴ ശക്തമായതോടെ ഇവിടുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടകളിലെ വെള്ളം എത്തിനോക്കാൻ തുടങ്ങി.

 ഇരുട്ടും അനധികൃത പാർക്കിംഗും

രാത്രികാലമായാൽ ഇവിടെ വെളിച്ചമില്ല. കൂടാതെ പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാരേറ്റ് ജംഗ്ഷൻ മുതൽ സമീപത്തെ പെട്രോൾ പമ്പ് വരെ റോഡിന് ഇരുവശത്തുമായി ബൈക്കുകളുടെ നീണ്ട നിരകാണാം.