
 കെ.എസ്.ഇ.ബി വൈദ്യുതിബന്ധം വിച്ഛേദിച്ചു
 ആശുപത്രിയിൽ ക്രമീകരിച്ചിരിക്കുന്നത് 10 ജനറേറ്ററുകൾ
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി വിതരണത്തിലെ തകരാറുകൾ പരിഹരിക്കാനായി പുതിയ വി.സി.ബി (വാക്വം സർക്യൂട്ട് ബ്രേക്കർ) സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ഇതിനായി കെ.എസ്.ഇ.ബിയുടെ വൈദ്യുതി അഞ്ച് ദിവസത്തേക്ക് പൂർണമായി വിച്ഛേദിച്ചു. പകരം സംവിധാനമായി ഒരുക്കിയ 10 ജനറേറ്ററുകളിലാണ് ആശുപത്രി നിലവിൽ പ്രവർത്തിക്കുന്നത്. ഓരോ ബ്ലോക്കും ആവശ്യമായ രീതിയിൽ 100 കെ.വി മുതലുള്ള ജനറേറ്ററുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
12മണിക്കൂർ വീതം അഞ്ച് ജനറേറ്ററുകൾ ഒരേസമയം പ്രവർത്തിക്കും.ഗോൾഡൻ ജൂബിലി ബ്ലോക്ക് ഉൾപ്പെടെ വിവിധ ബ്ലോക്കുകൾ പ്രത്യേകം ജനറേറ്ററുകളിലാണ് ഘടിപ്പിച്ചിരിക്കുന്നത്.ഏതെങ്കിലും ജനറേറ്റർ തകരാറിലായാൽ പകരം ഉപയോഗിക്കാനുള്ള ജനറേറ്ററുകളും എത്തിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയോടെ ജോലികൾ പൂർത്തിയാക്കി വൈദ്യുതി സാധാരണ നിലയിലാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. 30ലക്ഷം വിലയുള്ള സ്നൈഡർ കമ്പനിയുടെ വി.സി.ബി പാനൽ ഗുജറാത്തിൽ നിന്ന് രണ്ടാഴ്ച മുൻപാണ് എത്തിയത്. തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച് പണി ആരംഭിക്കുന്നതിനായി കരാറുകാരൻ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ, കെ.എസ്.ഇ.ബി, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കത്ത് നൽകി. കഴിഞ്ഞ ആഴ്ച ജോലികൾ ആരംഭിക്കാനുള്ള അനുമതി നൽകി.
സെപ്തംബർ 29ന് എസ്.എ.ടി മൂന്ന് മണിക്കൂറോളം ഇരുട്ടിലാകാൻ കാരണം വി.സി.ബിയിലെ തകരാറായിരുന്നു.
കെ.എസ്.ഇ.ബിയുടെ ലൈനിൽ നിന്ന് ആർ.എം.യുവിലൂടെ വൈദ്യുതി വി.സി.ബിയിലേക്ക് എത്തും. തുടർന്ന് എസ്.എ.ടിക്ക് മാത്രമുള്ള രണ്ട് ട്രാൻസ്‌ഫോർമറിലേക്ക്. അവിടെ നിന്ന് ഡിസ്ട്രിബ്യൂഷൻ പാനലിലൂടെയാണ് ആശുപത്രിയിലെ വിവിധയിടങ്ങളിലേക്ക് വൈദ്യുതി ലഭ്യമാകുന്നത്.
മെഡിക്കൽ കോളേജിൽ
പുതിയ ജനറേറ്റർ !
750 കെ.വിയുടെ പുതിയ രണ്ട് ജനറേറ്ററുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ സ്ഥാപിക്കും. ആഴ്ചകൾക്ക് മുൻപെത്തിയ ജനറേറ്ററിനുള്ള പാനൽ സ്ഥാപിക്കുന്നതിന് രണ്ട് ദിവസം വൈദ്യുതി വിച്ഛേദിക്കണം. ഇതിനുള്ള അനുമതി ലഭിച്ചാലുടൻ ഇത് ആരംഭിക്കും. നിലവിൽ മെഡിക്കൽ കോളേജിൽ 500 കെ.വിയുടെ രണ്ട് ജനറേറ്ററുകളുണ്ട്. പുതിയ ജനറേറ്രറുകൾ കൂടി സ്ഥാപിക്കുന്നതോടെ മെഡിക്കൽ കോളേജിലെ വൈദ്യുതി വിതരണം കൂടുതൽ സുഗമമാകും.