
തിരുവനന്തപുരം: മുനമ്പം ഭൂമി തർക്കപരിഹാരത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ഈ മാസം 16 ന് മന്ത്രിതല യോഗം ചേരും. ഓൺലൈനായി ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രിക്ക് പുറമെ, വഖഫിന്റെ ചുമതലയുള്ള മന്ത്രി പി.അബ്ദുറഹ്മാൻ, നിയമമന്ത്രി പി.രാജീവ്, റവന്യൂമന്ത്രി കെ.രാജൻ എന്നിവർ പങ്കെടുക്കും. സ്ഥലം എം.എൽ.എ കെ.എൻ.ഉണ്ണികൃഷ്ണനെയും യോഗത്തിൽ പങ്കെടുപ്പിച്ചേക്കും.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് 10 ലേറെ കേസുകൾ ഹൈക്കോടതിയിലുണ്ട്. മന്ത്രിതല ചർച്ചയിലൂടെ ഈ കേസുകളുടെ തീർപ്പാക്കലിന് വഴി തെളിയുമെന്ന് സർക്കാർ കരുതുന്നു. തർക്കം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലുള്ള മുഖ്യമന്ത്രിയും ചേലക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ള മന്ത്രി അബ്ദുറഹ്മാനും ആശയവിനിമയം നടത്തിയാണ് ഓൺലൈൻ യോഗം തീരുമാനിച്ചത്. പ്രാഥമിക ആലോചനാ യോഗമാണ് ചേരുന്നത്.
വക്കഫ് തർക്കവുമായി ബന്ധപ്പെട്ട്
വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നിയോഗിച്ച നിസാർ കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ കൈവശക്കാരിൽ നിന്ന് കരം വാങ്ങുന്നതും ഭൂമി കൈമാറ്റം ചെയ്യുന്നതും വിലക്കിയതോടെയാണ് പ്രശ്നം രൂക്ഷമായത്.
പകരം സർക്കാർ ഭൂമി നൽകണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ100 ഏക്കറോളം വരുന്ന ഭൂമിക്ക് അത്രയും പകരം നൽകുകയെന്നത് പ്രായോഗികമാവില്ലെന്നതാണ് സർക്കാരിനെ കുഴക്കുന്നത്.
`ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. നിലവിലെ താമസക്കാർക്ക് ഉപാധികളില്ലാതെ ഭൂമി നൽകണം. സർക്കാർ സർവകക്ഷിയോഗം വിളിക്കണം.'
-വി.ഡി.സതീശൻ
പ്രതിപക്ഷനേതാവ്