
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലത്തെ ആസ്ഥാന ജലസംഭരണിയുടെ ഗേറ്റ് ഊരിമാറ്റിയിട്ട് ആറ് മാസമാകുന്നു.ജലഭവൻ ക്യാമ്പസിലുള്ള 36 എം.എൽ.ഡി ജലശുദ്ധീകരണശാലയും ഭൂഗർഭ ടാങ്കും സ്ഥിതിചെയ്യുന്ന ഭാഗത്തെ ഗേറ്റാണ് ഊരിമാറ്റിയത്.ആൽത്തറ ഭാഗത്തുനിന്ന് ജലഭവനിലേക്ക് കയറാനുള്ള ഗേറ്റ് സ്മാർട്ട് സിറ്റി റോഡ് നവീകരണത്തിന്റെ പേരിലാണ് ഊരിമാറ്റിയത്.റോഡ് പണി തീർന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഗേറ്റ് പുനഃസ്ഥാപിക്കാൻ അധികൃതർക്കായിട്ടില്ല.റോഡുപണി നടത്തിയ ഊരാളുങ്കൽ സൊസൈറ്റിയും വാട്ടർ അതോറിട്ടിയും തമ്മിലുള്ള തർക്കമാണ് ഗേറ്റ് പുനഃസ്ഥാപിക്കുന്നതിന് തടസമായിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നഗരത്തിൽ ലക്ഷക്കണക്കിനാളുകൾ കുടിവെള്ളത്തിനാശ്രയിക്കുന്ന ജലശുദ്ധീകരണശാലയും ടാങ്കുമാണ് സുരക്ഷ ഒട്ടും പരിഗണിക്കാതെ തുറന്നിട്ടിരിക്കുന്നത്.വെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ക്ലോറിൻ സിലിണ്ടറും മറ്റും പ്രവർത്തിക്കുന്നത് ഇതിന് സമീപമാണ്.ഈ ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടില്ല.മാനവീയം വീഥിയിലെത്തുന്നവരിൽ ചിലർ രാത്രിയിൽ ഈ ഗേറ്റ് വഴി ജലഭവന് അകത്ത് പ്രവേശിച്ച് ഭൂഗർഭ ടാങ്കിന് സമീപമെത്തുന്നത് സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ട്.കൂടാതെ, സാമൂഹിക വിരുദ്ധരും രാത്രിയിൽ ഇവിടം താവളമാക്കുന്നതായും പരാതിയുണ്ട്.