
 രണ്ടുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും
 ജവഹർനഗറിലെ വീടും ക്യാമ്പ് ഓഫീസും ഇവിടേക്ക് മാറും
 നിർമ്മാണച്ചുമതല എച്ച്.എൽ.എല്ലിന്
നിർമ്മാണം തുടങ്ങിയത് - 2023ൽ
തിരുവനന്തപുരം: ജില്ലാ കളക്ടർക്ക് ആഡംബര വീടൊരുങ്ങുന്നു.കവടിയാർ കൊട്ടാരത്തിന് സമീപത്തെ റവന്യൂവകുപ്പിന്റെ 50 സെന്റ് സ്ഥലത്താണ് നിർമ്മാണം. കവടിയാർ അമ്പലമുക്ക് റോഡിൽ കവടിയാർ പാലസ് ആശുപത്രിയോട് ചേർന്നാണ് വിശാലമായ വീടൊരുങ്ങുന്നത്. ആറായിരത്തിലധികം സ്‌ക്വയർ ഫീറ്റിൽ രണ്ട് കോടിയോളം രൂപ ചെലഴിച്ചാണ് നിർമ്മാണമെന്നാണ് വിവരം. കവടിയാറും പരിസരവും പൈതൃക മേഖലയായതിനാൽ (ഹെറിട്ടേജ് സോൺ) നിയന്ത്രണങ്ങൾ പാലിച്ച് രണ്ടുനിലയാണ് നിർമ്മിക്കുന്നത്.വീടിനുള്ളിലെ സ്റ്റെയർ ഉൾപ്പെടെ തടിയിലാണ് പണിതിരിക്കുന്നത്.
കൊട്ടാരങ്ങൾക്ക് സമാനമായി നിരവധി ജനാലകളും വാതിലുകളും ക്രമീകരിച്ചിരിക്കുന്നത് വീടിന്റെ മുഖ്യാകർഷണമാണ്.
പുറമെ നിന്ന് നോക്കിയാൽ രണ്ട് വീടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് നിർമ്മാണം. വീടും ഇതിനോട് ചേർന്ന് വീടിന് സമാനമായ രീതിയിൽ ക്യാമ്പ് ഓഫീസുമാണ് പണിതിരിക്കുന്നത്.രണ്ട് കെട്ടിടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയുമുണ്ട്.എച്ച്.എൽ.എൽ പ്രോജക്ട്സിനാണ് നിർമ്മാണച്ചുമതല.
തിരുമല ജയരാജാണ് കോൺട്രാക്ടർ.
വീടിന്റെ മുറ്റം ഇന്റർലോക്ക് പാകുന്ന ജോലികൾ ഉൾപ്പെടെ അവശേഷിക്കുകയാണ്.നിലവിൽ കവടിയാർ ജവഹർ നഗറിലെ പഴയ ക്വാർട്ടേഴ്സാണ് കളക്ടറുടെ ഔദ്യോഗിക വസതി.ഇതിനോട് ചേർന്നാണ് ക്യാമ്പ് ഓഫീസും. പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയായാൽ ജഹർനഗറിലെ ക്യാമ്പ് ഓഫീസ് ഇവിടേക്ക് മാറ്റും.
മിച്ച ഭൂമിയിൽ വീടായി !
പേരൂർക്കട വില്ലേജിൽ ഉൾപ്പെട്ടെ 7.2 എക്കർ കവടിയാർ കൊട്ടാരത്തിൽ നിന്ന് മിച്ചഭൂമിയായി സർക്കാർ തിരിച്ചെടുത്തിരുന്നു. ഇതിലെ 50 സെന്റ് സ്ഥലമാണ് കളക്ടർക്ക് ക്യാമ്പ് ഓഫീസ് കം റസിഡൻസ് നിർമ്മിക്കുന്നതിന് 2021ൽ സർക്കാർ അനുമതി നൽകിയത്.ജെറോമിക് ജോർജ് കളക്ടറായിരിക്കെ 2022ൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലകാണ് നിർമ്മാണത്തിന് തറക്കല്ലിട്ടത്.