p

തിരുവനന്തപുരം: കോളേജുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് നടപടിക്രമം പുറത്തിറക്കി സർക്കാർ. സർക്കാർ, എയ്ഡഡ് കോളേജുകളിൽ ആയിരത്തിലേറെ ഗസ്റ്റ് അദ്ധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവരുടെ നിയമനം, അപ്രൂവൽ, വേതനവിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എസ്.ഒ.പി പുറത്തിറക്കിയത്.

ഉദ്യോഗാർത്ഥികൾ www.collegiateedu.kerala.gov.inൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. അധികയോഗ്യതകൾ പിന്നീട് കൂട്ടിച്ചേർക്കാം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന ഗസ്റ്റ് അദ്ധ്യാപക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കേരളത്തിലെവിടെയും നിയമനത്തിനുപയോഗിക്കാം. അഭിമുഖത്തിനു ശേഷം ലിസ്റ്റ് കോളേജ് വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കണം. ഗവ. കോളേജിൽ സെലക്ഷൻ കമ്മിറ്റിയിൽ പ്രിൻസിപ്പൽ, വകുപ്പ് മേധാവി, രണ്ട് വിഷയവിദഗ്ദ്ധർ എന്നിവരുണ്ടാവണം. എയ്ഡഡ് കോളേജിൽ മാനേജർ, പ്രിൻസിപ്പൽ, വകുപ്പ് മേധാവി, രണ്ട് വിഷയവിദഗ്ദ്ധർ എന്നിവരുണ്ടാവണം.

യു.ജി.സി യോഗ്യതയുള്ളവരെ മെയിൻ ലിസ്റ്റിലും അല്ലാത്തവരെ സപ്ലിമെന്ററി ലിസ്റ്റിലുമുൾപ്പെടുത്തണം. മെയിൻ ലിസ്റ്റ് പൂർണമായി തീർന്നശേഷമേ സപ്ലിമെന്ററിയിൽ നിന്ന് നിയമനമാകാവൂ. അപേക്ഷകരിൽ നിന്ന് ഫീസീടാക്കരുത്. ഓരോ വർഷത്തെയും നിയമനങ്ങൾ ഏപ്രിൽ 30നകം സർക്കാർ, എയ്ഡഡ് കോളേജുകൾ അറിയിക്കണം.

നിയമനത്തിന് 15ദിവസത്തിനകം രേഖകൾ സഹിതം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ അംഗീകാരത്തിന് അപേക്ഷിക്കണം. ഗവ. കോളേജുകളിൽ പ്രത്യേകാനുമതി ആവശ്യമില്ല. ശമ്പളം നൽകുന്നതിൽ കാലതാമസം പാടില്ല. ഡ്യൂട്ടി പെർഫോമൻസ് റിപ്പോർട്ട് മാസാവസാനം വകുപ്പ് മേധാവി പ്രിൻസിപ്പലിന് നൽകണം. എയ്ഡഡ് കോളേജുകളിൽ ശമ്പളം തൊട്ടടുത്ത മാസം അഞ്ചിനകം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നൽകണം. ശമ്പളം വൈകിപ്പിച്ചാൽ പ്രിൻസിപ്പലും വകുപ്പ് മേധാവിയും ഓഫീസ് സൂപ്രണ്ടും സെക്ഷൻ ക്ലാർക്കും ഉത്തരവാദികളാണ്. സ്ഥിരം അദ്ധ്യാപകർ ജോലിക്കെത്തിയാൽ ഗസ്റ്റ് അദ്ധ്യാപകരെ ഒഴിവാക്കണമെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ.സുധീർ ഇറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

അഭിമുഖത്തിന്റെ മാനദണ്ഡം

അദ്ധ്യാപക പരിചയത്തിന് 5മാർക്ക്.

പി.എസ്.സി അസി.പ്രൊഫസർ റാങ്ക് ലിസ്റ്റിലുള്ളവർക്ക് 5മാർക്ക്,

ആശയവിനിമയ ശേഷിക്ക് 5മാർക്ക്,

വിഷയത്തിലെ അറിവിന് 10മാർക്ക്

40%മാർക്കെങ്കിലും കിട്ടുന്നവരെ റാങ്ക് പട്ടികയിലുൾപ്പെടുത്തും.