
പാലോട്: താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമായ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചിപ്പാടത്ത് ഞാറ്റുപാട്ടിന്റെ ഈണം അന്യമായി. കൊവിഡും പ്രളയവും തിരിച്ചടിയായെങ്കിലും ഇവിടുത്തെ കർഷകർ മുൻകാലങ്ങളിൽ പൊരുതി നേടിയത് അതിജീവനത്തിന്റെ നേർക്കാഴ്ചയാണ്. അഞ്ചര ഏക്കർ പാടശേഖരമാണ് ചെല്ലഞ്ചിയിലുള്ളത്.നിലവിൽ ഇതിന്റെ മുക്കാൽ ഭാഗവും നിലംനികത്തി വാഴയും, മരച്ചീനിയും,വെറ്റിലക്കൊടിയും നട്ടു. ബാക്കിയുള്ള പാടശേഖരം തരിശായി കാടുകയറി കിടക്കുകയാണ്.
പല കർഷകരും മനസില്ലാമനസോടെയാണ് കൃഷി നിറുത്തിയത്. നിലം ഒരുക്കുന്നതിന് ട്രാക്ടർ ലഭ്യമല്ലാത്തതും തൊഴിലാളികളെ കിട്ടാത്തതുമാണ് പ്രധാന കാരണം. ചില നിലമുടമകൾ കൃഷിഭൂമി പാട്ടത്തിന് നൽകിയെങ്കിലും പാട്ടഭൂമിയിലും നിലവിൽ കൃഷി ചെയ്തിട്ടില്ല. കാട്ടുപന്നി ശല്യവും അതിരൂക്ഷമാണ്. വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ഇടവിളയായി പച്ചക്കറികൾ കൃഷി ചെയ്തിരുന്നതും നിലച്ചമട്ടാണ്.
ചെല്ലഞ്ചി പാടശേഖരത്തോടു ചേർന്ന് പനവൂർ പഞ്ചായത്തിലെ കരിഞ്ചയിൽ പാടശേഖരത്തിലെ കൃഷിക്കാർക്കായി സോളാർ സുരക്ഷാവേലി സ്ഥാപിച്ചുനൽകി കൃഷി പ്രോത്സാഹിപ്പിക്കുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇവിടെ കമ്പിവേലി സ്ഥാപിക്കാനായി പാടശേഖര സമിതി നൽകിയ അപേക്ഷയെ തുടർന്ന് രണ്ടരലക്ഷം രൂപ അനുവദിച്ചെങ്കിലും നടപടിയായില്ല.
ചെല്ലഞ്ചിപ്പാലവും കടലാസിൽ
തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വർക്കലയെയും പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര ഇടത്താവളമാക്കി ചെല്ലഞ്ചിപ്പാലം മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ കടലാസിലൊതുങ്ങുകയാണ്. പാലമിപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമാണ്. വർക്കല ബീച്ചിൽ നിന്ന് നെടുമങ്ങാട് വഴി നേരിട്ട് ആറ്റിങ്ങൽ-വെഞ്ഞാറമൂട്-നന്ദിയോട്-വിതുര വഴി അനായാസം പൊന്മുടിയിലേക്ക് ചെല്ലഞ്ചിപ്പാലത്തിലൂടെ എത്താനാവും. നന്ദിയോട്-കല്ലറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാമനപുരം നദിക്ക് കുറുകെ 148.25 മീറ്റർ നീളത്തിൽ പണിത പാലം കാണാൻ സഞ്ചാരികളെത്താറുണ്ട്.
പൊന്മുടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇടത്താവളമെന്ന നിലയിൽ ചെല്ലഞ്ചിപ്പാലത്തിനെ വികസിപ്പിക്കുമെന്നാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 24ഫെബ്രുവരി 2022ൽ പ്രഖ്യാപിച്ചത്. വാമനപുരം നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അറിയിച്ചിരുന്നതാണ്.
ഒന്നും നടന്നില്ല
പാലത്തിൽ നിന്ന് നദിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കായി ഇരിപ്പിടങ്ങളും കുട്ടികളുടെ പാർക്കും നിർമ്മിക്കുമെന്നും നദിയിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പാലത്തിന് മുകളിൽ ഫെൻസിംഗുകൾ സ്ഥാപിച്ച് നിരീക്ഷണത്തിനായി സി.സി ടിവി ക്യാമറയും സഞ്ചാരികൾക്കായി കഫ്റ്റീരിയയും ഒരുക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ നാളിതുവരെ ഒന്നും നടന്നില്ലെന്നു മാത്രമല്ല ഇവിടെയിപ്പോൾ മുങ്ങിമരണങ്ങളുടെ കേന്ദ്രവും ലഹരി മാഫിയയുടെ നിയന്ത്രണത്തിലുമാണ്. പ്രദേശവാസികൾക്കുപോലും ഇതുവഴി സഞ്ചരിക്കാനാവാത്ത സാഹചര്യമാണ്.