തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ളോബൽ ഈ മാസം 28 മുതൽ 30വരെ കോവളത്ത് നടക്കും. ഹോട്ടൽ റാവീസിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ കരുത്താർന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കൂടുതൽ ഫണ്ട് എത്തിക്കാനും ബിസിനസ് വർദ്ധിപ്പിക്കാനും ആഗോള ബന്ധം ദൃഢമാക്കുന്നതിനുമുള്ള വിപുലമായ സാദ്ധ്യതകൾക്കാണ് ഇതിനോടകം വഴിയൊരുങ്ങുന്നത്.ഭാവിയിൽ പ്രയോജനപ്രദമാകുന്ന സാങ്കേതികവിദ്യയുടെ പ്രദർശനവേദിയായി ഇത് മാറുമെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.വിജ്ഞാന സെഷനുകൾ,ഡീപ്‌ടെക് സ്റ്റാർട്ടപ്പ് എക്‌സ്‌പോ,ഡീപ്‌ടെക് സ്റ്റുഡന്റ് ഇന്നൊവേഷൻസ് എന്നിവ ഡീപ്‌ടെക് സോണിന്റെ ഭാഗമായി നടക്കും.ഊർജം,ആരോഗ്യസംരക്ഷണം,ഡിജിറ്റൽ മീഡിയയും വിനോദവും, ഭക്ഷണവും കൃഷിയും,സ്‌പേസ് തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങൾ എമർജിംഗ് ടെക്‌നോളജി സോണിൽ പ്രദർശിപ്പിക്കും.

ഐ.എസ്.ആർ.ഒയുടെ കാഴ്ചപ്പാടും ഇന്ത്യയുടെ സ്‌പേസ് ടെക് കമ്പനികളുടെ വളർച്ചയും എന്ന വിഷയത്തിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് മുഖ്യപ്രഭാഷണം നടത്തും.