
തിരുവനന്തപുരം: സൈബർ സുരക്ഷ ഫലപ്രദമായി നടപ്പാക്കുന്നതിൽ ഗവേഷകരും ഗവേഷണ സ്ഥാപനങ്ങളും ബോധവാന്മാരാകണമെന്ന് ടെക്‌നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജയരാഘവൻ. ആർ.ജി.സി.ബിയിലെ വിജിലൻസ് ബോധവത്കരണവാരത്തിന്റെ സമാപന സമ്മേളനത്തിൽ സൈബർ സെക്യൂരിറ്റി വിജിലൻസ് ഇൻ ബയോടെക്‌നോളജി റിസർച്ച് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൈബർ സുരക്ഷാ ഐ.ടി വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഗവേഷണ വിവരങ്ങൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
ആർ.ജി.സി.ബി രാജ്യത്തെ ഏറ്റവും മികച്ച ബയോടെക് ഗവേഷണ സ്ഥാപനമായതിനാൽ സൈബർ ആക്രമണങ്ങൾക്ക് സാദ്ധ്യതയേറെയാണ്. ഗവേഷണത്തിനായി ശേഖരിക്കുന്ന വിവരങ്ങൾ വളരെ വിലപ്പെട്ടതാണ്. വിവരങ്ങൾ ശേഖരിക്കുന്ന ഗവേഷകരുടെ സ്വകാര്യതയ്‌ക്കൊപ്പം ഇവ ലഭ്യമാക്കുന്ന വ്യക്തികളുടെയും സംഘങ്ങളുടെയും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ.ചന്ദ്രഭാസ് നാരായണ അദ്ധ്യക്ഷത വഹിച്ചു. ആർ.ജി.സി.ബി ചീഫ് വിജിലൻസ് ഓഫീസർ ഡോ.എസ്.മഞ്ജുള നന്ദി പറഞ്ഞു.