തിരുവനന്തപുരം: ചെലവേറിയ കളിപ്പാട്ടങ്ങളുടെ ലോകത്ത് അഴകിന്റെ തിളക്കവുമായി അവരുടെ ഓലക്കളിപ്പാട്ടങ്ങൾ വേറിട്ടുനിന്നു! സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നടന്നുവരുന്ന വർണോത്സവത്തിന്റെ ഭാഗമായ ഓലക്കളിപ്പാട്ട നിർമ്മാണമത്സരം കുട്ടികളിൽ പോയകാലത്തിന്റെ ശേഷിപ്പുകളൊന്നും ബാക്കിയില്ലെന്ന് പരിഭവിക്കുന്നവർക്കൊരു തിരുത്തായിരുന്നു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 25ലധികം കുട്ടികളാണ് പങ്കെടുത്തത്. ഓലപീപ്പിയും പാമ്പും സ്റ്റാറും കൊതുമ്പുവള്ളവും ഓലപ്പന്തും കാറ്റാടിയും ഒച്ചും റോസാപ്പൂവും.. എന്നുവേണ്ട വിവിധതരം വസ്തുക്കൾ കുഞ്ഞിക്കൈകളാൽ ഓലക്കീറുകളിൽ തീർത്തു. ഒരു മണിക്കൂറോളമുണ്ടായ മത്സരത്തിൽ ആറ് കളിപ്പാട്ടങ്ങൾ വരെയുണ്ടാക്കി മിടുക്കർ വിസ്മയം തീർത്തു. എൽ.പി വിഭാഗത്തിൽ ഹോളി ഏഞ്ചൽസിലെ ഹെൻട്രി മാർട്ടിനും യു.പി വിഭാഗത്തിൽ നിർമലഭവൻ സ്‌കൂളിലെ എസ്.എസ് അനന്യയും ഹൈസ്‌കൂൾ വിഭാഗത്തിൽ പട്ടം സെന്റ് മേരീസിലെ സി.എസ് തീർത്ഥയും ഹയർസെക്കൻഡറി വിഭാഗത്തിൽ പട്ടം സെന്റ് മേരീസിലെ ദീപക് കുമാറും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ശിശുദിനാഘോഷത്തോടനുബന്ധിച്ച് 9വരെ നീളുന്ന വർണോത്സവത്തിന്റെ ഭാഗമായാണ് ശിശുക്ഷേമസമിതി കുട്ടികളുടെ കലാസാംസ്‌കാരിക മേള ഒരുക്കിയിരിക്കുന്നത്.