
തിരുവനന്തപുരം:സംസ്ഥാന സമിതിയംഗവും ചാനൽ ചർച്ചകളിൽ ബി.ജെ.പിയുടെ സജീവ സാന്നിധ്യവുമായിരുന്ന സന്ദീപ് വാര്യർ നേതൃത്വത്തിനെതിരെ തിരിഞ്ഞ സംഭവത്തിൽ കരുതലോടെ നീങ്ങാൻ ബി.ജെ.പി.സന്ദീപിന്റെ അടുത്ത നീക്കം നിരീക്ഷിച്ചതിന് ശേഷം മാത്രം പാർട്ടി നിലപാടെടുത്താൽ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്. സന്ദീപ് പാർട്ടി വിട്ടുപോകുമെന്ന് നേതാക്കൾ കരുതുന്നില്ല.നേതൃത്വത്തെ പ്രകോപിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലുള്ള യഥാർത്ഥ താൽപര്യം അറിഞ്ഞതിന് ശേഷം മറ്റ് നടപടികൾ. അതുവരെ അനുനയ നീക്കങ്ങൾ തുടരും. . കഴിഞ്ഞ ദിവസം സംസ്ഥാന കോർ കമ്മിറ്റി ഒാൺലൈനായി നടത്തിയ യോഗവും ഇതേ നിലപാടിലാണ് എത്തിയത്. സന്ദീപുമായി സംസാരിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർകുമാറിനെ നിയോഗിച്ചിട്ടുണ്ട്.
ഇതിന് മുമ്പും സന്ദീപ് സാമൂഹമാധ്യമങ്ങളിലൂടെ കലാപമുയർത്തിയിരുന്നു. സംസ്ഥാനപ്രസിഡന്റ് ഇടപെട്ടാണ് അത് പരിഹരിച്ച് അദ്ദേഹത്തെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നാണ് പൊതുവെയുള്ള വികാരം.. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട്ട് ഇക്കുറി ഏറെ പ്രതീക്ഷയുണ്ട്. അതില്ലാതാക്കാനാണ് സന്ദീപ് വാര്യർ പ്രശ്നവും കൊടകര കുഴൽപണക്കേസും ഉന്നയിക്കുന്നതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.കുഴൽപ്പണക്കേസിലെ കുറ്റപത്രത്തിൽ പാർട്ടി നേതാക്കൾ ആരുമില്ല.എന്നിട്ടും അതിലെന്തോ നടന്നുവെന്ന മട്ടിലുള്ള പുകമറ സൃഷ്ടിക്കാനാണ് സർക്കാരും മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്. അത് കൂടുതൽ വിവാദത്തിനിടയാക്കാതെ അവഗണിക്കാനാണ് പാർട്ടി തീരുമാനം. സന്ദീപ് വാര്യരുടെ പ്രശ്നത്തിൽ നേതാക്കൾ പരസ്യ പ്രസ്താവനകളിൽ നിന്ന് വിട്ടു നിൽക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.