ശ്രീകാര്യം: വാഹനത്തിലെത്തിച്ച് കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കിയതായി പരാതി.കാട്ടായിക്കോണം മുതൽ കേശവദാസപുരം വരെയും മഹാദേവപുരം മുതൽ ചേങ്കോട്ടുകോണം വരെയുമുള്ള പ്രദേശത്താണ് ഇത്തരത്തിൽ മാലിന്യം ഒഴുക്കിയത്.ഞായറാഴ്ച വെളുപ്പിനെ രണ്ടാടെയായിരുന്നു സംഭവം.കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കിയതോടെ അതികഠിനമായ ദുർഗന്ധം അനുഭവപ്പെട്ടതായും കുട്ടികൾ ഉൾപ്പെടെ പലർക്കും ഛർദ്ദിയും ഓർക്കാനവുമുണ്ടായതായും പ്രദേശവാസികൾ പറയുന്നു.
ദുർഗന്ധം സഹിക്കാനാവാതെ നഗരസഭ കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും പൊലീസിനെയും നാട്ടുകാർ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോത്തൻകോട് പൊലീസ് പരിശോധന നടത്തി.കടകളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംശയമുള്ള വാഹനത്തിന്റെ നമ്പർ ശേഖരിച്ച് പരിശോധിച്ചപ്പോൾ കോഴിക്കോട് രജിസ്ട്രേഷനിലുള്ള വാഹനമാണെന്ന് തിരിച്ചറിഞ്ഞു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി.സംഭവമറിഞ്ഞ് രാവിലെ 11ഓടെ നഗരസഭ ചില സ്ഥലങ്ങളിൽ ഫോഗിംഗ് നടത്തിയെങ്കിലും ദുർഗന്ധത്തിന് ശമനമുണ്ടായില്ല.വാഹനം കണ്ടുപിടിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.