തിരുവനന്തപുരം: വഴുതക്കാട്ടെ പൈപ്പ് പണി പൂ‌ർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും നഗരത്തിൽ മിക്കയിടത്തും വെള്ളം കിട്ടുന്നത് നൂലുപോലെ. താഴ്ന്ന പ്രദേശത്ത് ഈ അവസ്ഥയാണെങ്കിൽ ഉയർന്ന ഭാഗങ്ങളിൽ മിക്കയിടത്തും ഇതുവരെ വെള്ളം കിട്ടിത്തുടങ്ങിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ജലവിതരണം പുനഃസ്ഥാപിച്ചതിന്റെ പശ്ചാത്തലത്തിൽ നഗരസഭയിൽ നിന്നുള്ള ടാങ്കർ വിതരണവും നിറുത്തിയതോടെ നഗരവാസികൾ ശരിക്കും വലഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആൽത്തറ-വഴുതക്കാട് പ്രധാന പൈപ്പ് ലൈനിൽ നിന്ന് ആകാശവാണി റോഡിലേക്കുള്ള ഇന്റർക്കണക്ഷൻ നൽകുന്ന ജോലിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ ഒന്നര ദിവസത്തോളം നഗരത്തിലെ മിക്കയിടത്തും കുടിവെള്ളം മുടങ്ങിയിരുന്നു. കനത്ത മഴയും സാങ്കേതിക പ്രശ്നങ്ങളും മൂലം ഞായറാഴ്ച രാവിലെ തീരേണ്ട പണി രാത്രി 10.30ഓടെയാണ് തീർന്നത്. തുടർന്ന് ജലവിതരണം പുനഃസ്ഥാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഉടനെയും ഉയർന്ന പ്രദേശങ്ങളിൽ ഇന്നലെ രാവിലെയും വെള്ളം കിട്ടുമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചിരുന്നതെങ്കിലും ഇന്നലെ വൈകിട്ടോടെയാണ് പലയിടത്തും വെള്ളം കിട്ടിയത്. പേട്ട,​ വഞ്ചിയൂർ,​ ചാക്ക,​ പാറ്റൂർ,​ കൈതമുക്ക്,​ കുന്നുകുഴി,​ വട്ടിയൂർക്കാവ്,​ പൂജപ്പുര,​ പാങ്ങോട് മേഖലകളിൽ വൈകിട്ടോടെ വെള്ളം കിട്ടിയെങ്കിലും രാത്രി വൈകിയും നൂലുപോലെയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഉയർന്ന ഭാഗങ്ങളിൽ മിക്കയിടത്തും രാത്രി വൈകിയും വെള്ളം എത്തിത്തുടങ്ങിയില്ല. എന്നാൽ,​ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ശരിയായ മർദ്ദത്തിൽ എത്തിത്തുടങ്ങിയെങ്കിൽ മാത്രമേ ഉയർന്ന ഭാഗങ്ങളിൽ വെള്ളമെത്തുകയുള്ളൂവെന്നാണ് അധികൃതരുടെ വാദം. ഇന്ന് രാവിലയോടെ ശരിയായ രീതിയിൽ വെള്ളം എത്തിത്തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.