walk-way

തിരുവനന്തപുരം: നഗരത്തിന്റെ തിരക്കിൽ നിന്നകന്ന് സ്വസ്ഥമായി വിശ്രമിക്കാനും കാഴ്ചകൾ ആസ്വദിക്കാനും കരമനയാറിന്റെ തീരത്ത് മനോഹരമായ ഒരിടം. രണ്ട് കിലോമീറ്റർ ദൂരത്തിൽ കരമന-ആഴാങ്കൽ ഭാഗത്താണ് സന്ദർശകർക്കായി ഇടമൊരുങ്ങുന്നത്. നടപ്പാതയുടെ നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെടുത്തി മേജർ ഇറിഗേഷൻ വകുപ്പിനാണ് മേൽനോട്ടം. ഹൈവേയിൽ കരമനപാലം ബണ്ട് മുതൽ കൈമനം കരുമം റോഡിൽ ആഴാങ്കൽ വരെ രണ്ട് കിലോമീറ്ററാണ് പദ്ധതിപ്രദേശം.

നടപ്പാതയിൽ തറയോട് പാകലും പുല്ല് വച്ചുപിടിപ്പിച്ച് ബണ്ടിന്റെ ചരിവ് ബലപ്പെടുത്തുന്ന ജോലിയും പൂർത്തിയായി വരുന്നു. പാർക്കിംഗ് ഏരിയയും ആറിന്റെ തീരത്ത് ആധുനിക കുളിക്കടവുകളും ഒരു കിലോമീറ്റർ നീളത്തിൽ സൈക്കിൾ പാതയും പൂത്തിയായിട്ടുണ്ട്. കരമന-ശങ്കർ നഗർ, നീറമൺകര-ആഴാങ്കൽ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ആഴാങ്കൽഭാഗത്തെ പണികളാണ് ആദ്യം പൂർത്തിയാവുക. ഇവിടെ നൂറ് വാഹനങ്ങൾ പാർക്ക് ചെയ്യാനും ആയിരം പേർക്ക് സമ്മേളിക്കാനുമുള്ള സൗകര്യമുണ്ട്. നട്ടുച്ചയ്ക്കും അല്പം പോലും വെയിൽ വീഴാത്തതരത്തിൽ ഈ ദൂരമത്രയും മരങ്ങൾ തണൽ വിരിക്കുന്നു. നടപ്പാതയുടെ ചരിവുകളിൽ പുല്ലും അലങ്കാരച്ചെടികളും നട്ടുപിടിപ്പിക്കുന്ന ജോലികളും ലൈറ്രിംഗ് സംവിധാനങ്ങളൊരുക്കലും ബണ്ട് ബലപ്പെടുത്തലും അവസാന ഘട്ടത്തിലാണ്. സന്ദർശകർക്കായി ആധുനിക ശൗചാലയങ്ങളും സജ്ജമാക്കുമെന്ന് മേജർ ഇറിഗേഷൻ എക്സ‌ിക്യുട്ടീവ് എൻജിനിയർ എസ്.ബിന്ദു, അസി.എക്സ‌ിക്യുട്ടീവ് എൻജിനിയർ കെ.അനിൽകുമാർ, അസി.എൻജിനിയർ ഹരീഷ് മധു.എസ് എന്നിവർ അറിയിച്ചു.

ഒരുക്കങ്ങൾ ഇങ്ങനെ

പദ്ധതിപ്രദേശത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും

ഒരു കിലോമീറ്റർ ദൂരം സൈക്കിൾ സവാരിക്കാർക്ക് പ്രത്യേക പാത

വാക്ക് വേയ്ക്ക് ഒരുവശത്ത് ഇരിപ്പിടങ്ങൾ

ആധുനിക കുളിക്കടവ്

നീറമൺകര

ആഴാങ്കൽ ഭാഗത്ത്

പാർക്കിംഗ് ഏരിയ - ബൈക്കുകൾ-100, കാറുകൾ-60, ഓട്ടോറിക്ഷകൾ-40

മിയാവോക്കി ഫോറസ്റ്റ്

ബട്ടർഫ്ലൈ ഗാർഡൻ

ശങ്കർ നഗറിൽ

റേഡിയോ പാർക്ക്

ആംഫി തിയേറ്റർ മാതൃകയിൽ ടൈൽസ് പാകിയ പവലിയൻ

രണ്ട് ബോട്ട് ലാൻഡിംഗ് സെന്ററുകൾ

മഴയത്ത് കയറിനിൽക്കാൻ മേൽക്കൂരയുള്ള ബാൽക്കണി

ഓപ്പൺ ജിം, ഇരിപ്പിടങ്ങൾ