
വാക്കു മാറുന്നതും സത്യത്തിനു നിരക്കാത്ത പ്രവൃത്തി ചെയ്യുന്നതും വ്യക്തികളെ സംബന്ധിച്ച് അസാധാരണമൊന്നുമല്ല. എന്നാൽ ഉന്നത പാരമ്പര്യം പുലർത്തേണ്ട ഒരു ഭരണഘടനാ സ്ഥാപനത്തിൽ നിന്ന് അത്തരം നടപടി സങ്കല്പിക്കാൻ പോലുമാകില്ല. ഇത്തരത്തിലൊരു നടപടിയുടെ പേരിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്ന് കേരള പബ്ലിക് സർവീസ് കമ്മിഷന് ശക്തമായ ശകാരവും വിമർശനവും കേൾക്കേണ്ടിവന്നത്. ഉദ്യോഗാർത്ഥികളുടെ ജീവിതംവച്ച് കളിക്കരുതെന്നുള്ള ഉന്നത നീതിപീഠത്തിന്റെ മുന്നറിയിപ്പ് പി.എസ്.സി അധികൃതരുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടാകണം. മുമ്പും നീതിപീഠങ്ങളിൽ നിന്ന് പി.എസ്.സിക്ക് ഇതുപോലുള്ള ശകാരങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സർവകലാശാലകളെപ്പോലെ പി.എസ്.സി അംഗങ്ങളുടെ നിയമനവും രാഷ്ട്രീയാടിസ്ഥാനത്തിലായതോടെയാണ് ഈ സ്ഥാപനത്തിന്റെ നിഷ്‌പക്ഷതയും ആർജ്ജവവും പൊതുസമൂഹം സംശയിക്കാൻ തുടങ്ങിയത്. പരീക്ഷാ നടത്തിപ്പിലെ കെടുകാര്യസ്ഥതയും കാലതാമസവുമൊക്കെ പി.എസ്.സി ഭരണത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായിക്കഴിഞ്ഞു.
സുപ്രീംകോടതിയുടെ ശകാരത്തിനു കാരണമായത്, വിജ്ഞാപന പ്രകാരമുള്ള യോഗ്യതയിൽ ബാഹ്യസമ്മർദ്ദങ്ങൾക്കു വിധേയമായി പിന്നീട് പി.എസ്.സി സ്വമേധയാ വരുത്തിയ മാറ്റമാണ്. പതിനാലു വർഷം മുൻപ് വാട്ടർ അതോറിട്ടിയിലേക്ക് എൽ.ഡി ക്ളാർക്ക് നിയമനത്തിന് അപേക്ഷ വിളിച്ചപ്പോൾ ബിരുദവും ഡേറ്റാ എൻട്രിയിൽ സർട്ടിഫിക്കറ്റുമായിരുന്നു അടിസ്ഥാന യോഗ്യത. ഇതിലും ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കണമെന്ന് പിന്നീട് ആവശ്യമുയർന്നു. ഹൈക്കോടതി ഇതിന് അനുമതിയും നൽകി. ഡി.സി.എ നേടിയവരെയും പരിഗണിക്കണമെന്ന ഉത്തരവിനെതിരെ വാട്ടർ അതോറിട്ടി അനുകൂല വിധി സമ്പാദിച്ചു. എന്നാൽ ആ യോഗ്യത കണക്കിലെടുക്കില്ലെന്ന നിലപാടായിരുന്നു പി.എസ്.സിയുടേത്. അത് പി.എസ്.സി പിന്നീട് തിരുത്തി, ഡിപ്ളോമക്കാരെക്കൂടി ഉൾപ്പെടുത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
ഡിപ്ളോമക്കാരെ ഒഴിവാക്കിയുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ ഡിപ്ളോമക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയത്. ഈ കേസിൽ പി.എസ്.സി നടത്തിയ കള്ളക്കളി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നതിനു തുല്യമാണെന്ന കോടതി നിരീക്ഷണം ഭാവിയിലെങ്കിലും പി.എസ്.സിക്ക് പാഠമാകേണ്ടതാണ്. ആദ്യ വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന യോഗ്യതയിൽ പിന്നീട് മാറ്റമോ കൂട്ടിച്ചേർക്കലുകളോ വരുത്താൻ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്നിരിക്കെ പി.എസ്.സി ആരുടെ താല്പര്യങ്ങൾക്കു വേണ്ടിയാണ് ഡിപ്ളോമ യോഗ്യതയുള്ളവരെക്കൂടി ലിസ്റ്റിൽ തിരുകിക്കയറ്റിയതെന്ന ചോദ്യത്തിന് ഉത്തരം നൽകാനുള്ള ബാദ്ധ്യത അവർക്കുണ്ട്. നേരത്തെ പി.എസ്.സി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത് ഡിപ്ളോമക്കാരെ ഒഴിവാക്കണമെന്ന ആവശ്യം മുൻനിറുത്തിയായിരുന്നു. പിന്നീട് അവരെക്കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് തീർച്ചയായും മറ്റു താത്പര്യങ്ങളുള്ളതുകൊണ്ടാണ്.
ഉദ്യോഗ നിയമനങ്ങളിൽ പി.എസ്.സിയെപ്പോലൊരു സ്ഥാപനം പുലർത്തേണ്ട സത്യസന്ധതയും സുതാര്യതയും ഇവിടെ നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. പി.എസ്.സി ഈ വിഷയത്തിൽ തനി കള്ളത്തരമാണ് കാട്ടിയതെന്ന പരമോന്നത കോടതിയുടെ കുറ്റപ്പെടുത്തൽ സ്ഥാപനത്തെ മൊത്തം സംശയ നിഴലിലാക്കിയിരിക്കുകയാണ്. സുപ്രീംകോടതിയിൽ നിന്ന് വിമർശനം ഏൽക്കേണ്ടിവന്ന ദിവസം തന്നെയാണ് കേരള ഹൈക്കോടതിയിൽ നിന്ന് മറ്റൊരു കേസിൽ പി.എസ്.സി പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവന്നത്. ഒരു ഉദ്യോഗാർത്ഥിയുടെ ജാതി സംബന്ധിച്ച് വ്യക്തത വരുത്താൻ പി.എസ്.സി സ്വന്തം നിലയിൽ അന്വേഷണം നടത്തിയതാണ് വിവാദമായത്. ഇത്തരമൊരു അന്വേഷണം നടത്താൻ പി.എസ്.സിക്ക് അധികാരമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജാതി സംബന്ധിച്ച് സംശയമുണ്ടെങ്കിൽ റവന്യു അധികൃതരെ അറിയിച്ച് പരിഹാരം തേടുകയാണ് വേണ്ടത്. ഇല്ലാത്ത അധികാരം പി.എസ്.സി സ്വയം ഏറ്റെടുത്തതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.