
തമിഴ്നാട്ടിൽ, വില്ലുപുരത്തെ വിക്രവാണ്ടിയിൽ കഴിഞ്ഞ 27നു നടന്ന, നടൻ വിജയുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ 'മാനാട് " (പൊതുസമ്മേളനം) സൃഷ്ടിച്ച രാഷ്ട്രീയ അലയൊലികൾ അടങ്ങിയിട്ടില്ല. നിലവിലെ രാഷ്ട്രീയ പാർട്ടി മേധാവികളെയെല്ലാം ഒന്നു ഞെട്ടിച്ച്, തമിഴകമാകെ ചർച്ചയാകാൻ തമിഴക വെട്രി കഴകത്തിനു കഴിഞ്ഞു. ഇനി ദളപതിയുടെ സംസ്ഥാന പര്യടനത്തിന്റെ നാളുകളാണ് . തമിഴ്നാടിന്റെ നാടും നഗരവും ഉഴുതുമറിച്ച് വെട്രി കഴകത്തിനു വേരോട്ടമുണ്ടാക്കാൻ പര്യടനത്തിനു കഴിഞ്ഞാൽ, അടുത്ത പടിയായി 2026-ൽ വിജയ് ലക്ഷ്യം വയ്ക്കുന്ന മുഖ്യമന്ത്രി പദത്തിനു വേണ്ടിയുള്ള പടയോട്ടം ആരംഭിക്കാം.
വ്യക്തമായി തയ്യാറാക്കിയ തിരക്കഥ വൻഹിറ്റാകുന്ന കാഴ്ചയാണ് വിക്രവാണ്ടിയിൽ കണ്ടത്. വേദിയിൽ എന്തൊക്കെ, എപ്പോൾ, എങ്ങനെ സംസാരിക്കണമെന്ന തയ്യാറെടുപ്പിനു ശേഷമാണ് വിജയ് എത്തിയത്. കൃത്യമായ സമയത്ത് മാസ് ഡയലോഗുകൾ ഇറക്കി ജനക്കൂട്ടത്തെ ഇളക്കിമറിച്ചു. വിക്രവാണ്ടിയിലേക്ക് ഒഴുകിയെത്തിയ ജനസാഗരം താനേ വന്ന കൂട്ടമാണോ, അതോ പണം കൊടുത്ത് ഇറക്കിയതാണോ എന്ന ചർച്ചകളൊന്നും ആരും ഉയർത്തിയില്ല. തമിഴ്നാട്ടിൽ പണം കൊടുത്ത് രാഷ്ട്രീയ സമ്മേളനത്തിന് ആളെ കൂട്ടുന്ന പരിപാടി മിക്കവാറും രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന അടവു തന്നെയാണ്. വിജയ് എന്ന സൂപ്പർതാരത്തോട് കടുത്ത ആരാധനയോടെയാണ് വിക്രവാണ്ടിയിലേക്ക് ചുവപ്പും മഞ്ഞയും കലർന്ന കൊടിതോരണങ്ങൾ കെട്ടിയ വാഹനങ്ങളിൽ ജനം തലേനാൾ മുതൽ എത്തിത്തുടങ്ങിയത്.
വിക്രവാണ്ടിയിലെ സമ്മേളന നഗരിയിൽ രണ്ടര ലക്ഷത്തോളം പേരെ അഭിസംബോധന ചെയ്ത് വിജയ് പ്രസംഗിക്കുമ്പോൾ അതിന്റെ ഇരട്ടി ജനം ട്രിച്ചി- ചെന്നൈ ബൈപ്പാസിന്റെ 15 കിലോമീറ്റോളം ദൂരത്തിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു! സമ്മേളനത്തിനു വന്നവരുടെ വാഹനങ്ങൾ നീങ്ങാതായായപ്പോൾ അതിൽ നിന്നിറങ്ങി 'ദളപതി... ദളപതി..." എന്നു വിളിച്ച് സമ്മേളനവേദി ലക്ഷ്യമാക്കി നടക്കുകയായിരുന്നു അവർ. അതാണ് താര ആരാധനയുടെ തമിഴ്നാട് വെർഷൻ!
എം.ജി.ആറിൽ തുടങ്ങി രജനികാന്തിലൂടെ വളർന്ന് വിജയിൽ വന്നു നിൽക്കുന്ന അന്ധമായ താര ആരാധന. കരുണാനിധിയുമായി പിണങ്ങി ഡി.എം.കെ വിട്ട് അണ്ണാ ഡി.എം.കെ രൂപീകരിച്ച എം.ജി.ആർ 1977-ൽ മുഖ്യമന്ത്രിയായ ശേഷം മരണം വരെ ആ പദവിയിൽ ജനങ്ങൾ വാഴിക്കുകയായിരുന്നു. 1972-ലാണ് എം.ജി.ആർ പാർട്ടി രൂപീകരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അഞ്ച് വർഷമുണ്ടായിരുന്നു. വിജയ്ക്ക് ഇനി ശേഷിക്കുന്നത് ഒന്നര വർഷവും.
നായകർ തന്നെ;
നിരീശ്വരവാദമില്ല
പെരിയാർ ഇ.വി. രാമസ്വാമി, തമിഴ്നാട് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കാമരാജ്, ഡോ. ബി.ആർ. അംബേദ്കർ, വേലു നാച്ചിയാർ, അഞ്ജല അമ്മാൾ എന്നിവരാണ് പാർട്ടിയുടെ തലവന്മാരെന്നായിരുന്നു വിജയുടെ പ്രഖ്യാപനം. പെരിയാറിനെ മുന്നിൽ നിറുത്തുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ നിരീശ്വരവാദത്തെ വിജയ് പിന്തുടരുന്നില്ലെന്നത് ശ്രദ്ധേയം. ആരുടേയും വിശ്വാസത്തിന് എതിരല്ലെന്നാണ് വിജയ് വ്യക്തമാക്കിയത് പൊതുസമ്മേളന പന്തലിന് കാൽനാട്ടു ചടങ്ങും ഭൂമിപൂജയും നടത്തിയിരുന്നു.
തമിഴ്നാടും കേന്ദ്രവും ഭരിക്കുന്നവരെ ശക്തമായി വിമർശിച്ചത് തുല്യ അളവിലായിരുന്നില്ല. സമൂഹത്തെ വിഭജിക്കുന്നവരാണ് ആദ്യത്തെ ശത്രുക്കൾ എന്നു പറഞ്ഞ വിജയ്, മതവിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് എതിരാണെന്നും കൂട്ടിച്ചേർത്തു. ദ്രാവിഡ ആശയത്തിന്റെ പേരിൽ കുടുംബത്തോടെ തമിഴ്നാടിനെ കൊള്ളയടിക്കുന്നവരാണ് രണ്ടാമത്തെ ശത്രുക്കളെന്നു പറഞ്ഞത് ഡി.എം.കെയെ ലക്ഷ്യമിട്ടു തന്നെ. ഡി.എം.കെയെ മുഖ്യശത്രുവായി അവതരിപ്പിച്ച് വിമർശന ശരങ്ങൾ എയ്തുവിടുകയായിരുന്നു അദ്ദേഹം. അവർ (ബി.ജെ.പി) ഫാസിസ്റ്റ്, നീങ്കൾ (ഡി.എം.കെ) പായസമാ...? എന്നായിരുന്നു, വിജയുടെ കൈയടിച്ചോദ്യം.
എ.ഡി.എം.കെ
പേടിക്കണം
സമ്മേളനത്തിനു ശേഷം താരത്തെ വിമർശിക്കുന്ന കാര്യത്തിൽ തന്ത്രപരമായ നിലപാടാണ് ഡി.എം.കെ നേതാക്കൾ പോലും സ്വീകരിക്കുന്നത്. നിശിതമായ വിമർശനം പൊതുസമ്മേളനത്തിൽ ഉൾപ്പെടെ ഉയർത്തിയത് നാം തമിഴർ കക്ഷി നേതാവ് സീമാൻ മാത്രം. വിജയെ വിമർശിക്കേണ്ട എന്ന നിർദേശമാണ് അണ്ണാ ഡി.എം.കെ നേതാക്കൾക്ക് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി നൽകിയിരിക്കുന്നതത്രേ! സമ്മേളനത്തിൽ വിജയ് എം.ജി.ആറിനെ പ്രകീർത്തിച്ചത് പാർട്ടി സ്വാഗതം ചെയ്തിരുന്നു.
എന്നാൽ പ്രധാന ശത്രുവായി ഡി.എം.കെയെ വിജയ് പ്രഖ്യാപിക്കുമ്പോൾ പേടിക്കേണ്ടത് അണ്ണാ ഡി.എം.കെയും ബി.ജെ.പിയുമാണ്. ഭരണവിരുദ്ധ വികാരം മുതലാക്കുന്നതിൽ അണ്ണാ ഡി.എം.കെ പരാജയമാണെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയിരുന്നു. യഥാർത്ഥ പ്രതിപക്ഷം തങ്ങളാണെന്ന അവകാശവാദവുമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്കും നേട്ടമുണ്ടാക്കാനായില്ല. അവിടെയാണ് തമിഴക വെട്രി കഴകത്തിന്റെ വരവ്. ഡി.എം.കെയെ തോൽപ്പിക്കാൻ പറ്റിയ പാർട്ടി വിജയുടേതാണ് എന്ന് ജനം വിലയിരുത്തിയാൽ പിന്നെ അണ്ണാ ഡി.എം.കെ അണികൾ വെട്രി കഴകത്തിലേക്ക് മാറാൻ വൈകില്ല.
മുന്നണിയിലേക്ക് എത്തുന്നവർക്ക് ഭരണത്തിൽ പങ്കാളിത്തം നൽകുമെന്ന വിജയുടെ പ്രഖ്യാപനം കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ലക്ഷ്യമിട്ടുള്ളതാണ്. ഇപ്പോൾ ഡി.എം.കെ മുന്നണിയുടെ ഭാഗമാണെങ്കിലും ഒരു മന്ത്രിസ്ഥാനം പോലും കോൺഗ്രസിന് ലഭിച്ചിട്ടില്ല. ഭരണത്തിൽ പങ്കാളിത്തം കിട്ടുമെന്നുറപ്പായാൽ കോൺഗ്രസ് മാത്രമല്ല, വി.സി.കെ, പി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികൾ തമിഴ്നാട് വെട്രി കഴകത്തിന് കൈ കൊടുത്തേക്കും.
അപ്പോൾ അണ്ണാ ഡി.എം.കെയുടെ നില എന്താകും? ഇപ്പോഴുള്ള രണ്ടാം സ്ഥാനം പോലും നിലനിറുത്താൻ പറ്റാതെ പോയേക്കാം. വിജയ്യെ ചെറുക്കാൻ അണ്ണാ ഡി.എം.കെ തീരുമാനിച്ച് കരുക്കൾ നീക്കിയാൽ കളി പിന്നെയും മാറും. 2026 തിരഞ്ഞെടുപ്പിനു മുമ്പ് ഒരുപാട് ട്വിസ്റ്റുകൾ വരാനുണ്ട്.
സീമാനെതിരെ
പ്രതിഷേധം
തമിഴക വെട്രി കഴകത്തിന്റെ പൊതുയോഗത്തിൽ പാർട്ടി അദ്ധ്യക്ഷൻ വിജയ് പ്രഖ്യാപിച്ച പാർട്ടി നയപരിപാടിയോട് ശക്തമായി വിയോജിച്ച നാം തമിഴർ കക്ഷി അദ്ധ്യക്ഷനും സംവിധായകനുമായ സീമാനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വിജയ് ആരാധകർ നിരന്തരം പോസ്റ്റുകളിടുകയാണ്. ദ്രാവിഡവും തമിഴ് ദേശീയതയും ഒന്നുതന്നെയാണ് എന്ന് വിജയ് പറഞ്ഞതിനെ വിമർശിച്ച സീമാൻ, 'നിങ്ങൾ റോഡിന്റെ ഇടതുവശത്ത് നിൽക്കണം; അല്ലെങ്കിൽ വലതുവശത്ത് നിൽക്കണം. നടുവിൽ നിന്നാൽ ഒരു ട്രക്ക് വന്നിടിക്കും" എന്നാണ് പറഞ്ഞത്.വിജയുടെ ദ്വിഭാഷാ നയത്തെ ഒരു വഞ്ചനാപരമായ നയമായാണ് സീമാൻ വിശേഷിപ്പിച്ചത്. 'ആന്ധ്രാപ്രദേശിലെ തമിഴർ കൊല്ലപ്പെടുന്നതിലും മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിലും മറ്റും വിജയ്യുടെ നിലപാട് എന്താണ്? വില്ലനും നായകനും എങ്ങനെ ഒന്നിക്കും?"- സീമാൻ ചോദിക്കുന്നു. നയൻതാര പങ്കെടുക്കുന്ന പരിപാടിയിലും നാലു ലക്ഷം പേർ തടിച്ചുകൂടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്നണിയുടേയും ഭാഗമാകാതെ ഒറ്റയ്ക്കു മത്സരിക്കുന്ന പാർട്ടിയാണ് നാം തമിഴർ കക്ഷി.