വെമ്പായം: തട്ടുകട ഭക്ഷണമെന്നാൽ ആദ്യം ഓർമ്മ വരിക തട്ടുദോശയും മുട്ട ഓംലെറ്റുമാണ്. എന്നാൽ ഇന്ന് സ്ഥിതി മാറി. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന മിക്ക മെനുവും കിട്ടാവുന്ന ഒരിടമായി തട്ടുകടകൾ മാറി. ഇത്തരത്തിൽ തട്ടുകടകൾ നിറഞ്ഞൊരിടമാണ് വെമ്പായം. കിളിമാനൂരിൽ നിന്നും വെമ്പായം എത്തുന്നതിന് അരക്കിലോ മീറ്റർ മുന്നെയും വെമ്പായം കഴിഞ്ഞ് അരക്കിലോമീറ്ററോളവും നിരവധി തട്ടുകടകളാണുള്ളത്. സന്ധ്യമയങ്ങിയാൽ ഭക്ഷണപ്രിയർ ഇഷ്ടവിഭവങ്ങൾ തേടി ഇവിടേക്കെത്തും. വിദേശികളും ടെക്കികളും മാത്രമല്ല കുടുംബസമേതവും ഇവിടെയെത്തുന്നവരുടെ എണ്ണം കൂടുതലാണ്. മീൻ വിഭവങ്ങൾക്ക് മാത്രമായും ചിക്കന്റെ വ്യത്യസ്ത വിഭവങ്ങൾക്കുമായും പ്രത്യേകം കടകളുണ്ട്. കനലിൽ ചുട്ട മീൻ, വാഴയിലയിൽ പൊതിഞ്ഞ ചിക്കൻ, ബീഫ്, മന്തി വിഭവങ്ങൾ എന്നിങ്ങനെ നീണ്ടു പോകുന്നു ഇഷ്ടഭക്ഷണങ്ങളുടെ നിര.
ഭക്ഷണത്തിനായി ക്യൂ
മീൻ വിഭവങ്ങൾക്കൊപ്പം കഴിക്കാൻ കപ്പയും ആവിപറക്കുന്ന പുട്ടും പൊറോട്ടയുമൊക്കെയുണ്ട്. ഒഴിച്ചു കഴിക്കാൻ മീൻകറിയും സൗജന്യമാണ്. ഇവിടെ പാഴ്സൽ വാങ്ങാനും ഭക്ഷണം കഴിക്കാനും നീണ്ട ക്യൂ കാണാം. കൊഞ്ച് മുതൽ കല്ലുമ്മക്കായ വരെ ചുട്ടു നൽകുന്ന കടകൾ ഇപ്പോൾ ഇവിടെ സജീവമായിക്കഴിഞ്ഞു. ആദ്യകാലങ്ങളിൽ സാധാരണക്കാർ മാത്രമാണ് തട്ടുകടകളിൽ കയറിയിരുന്നതെങ്കിൽ ഇന്ന് എല്ലാവരും ഇഷ്ടത്തോടെ കയറി മനസും വയറും നിറഞ്ഞ് ഭക്ഷണം കഴിക്കുന്നു.
നല്ല വൈബോടെ കഴിക്കാം
മുൻപ് ഇരുന്ന് കഴിക്കാൻ സൗകര്യമില്ലായിരുന്നെങ്കിൽ ഇന്ന് നല്ല വൈബോടെ ഇരുന്ന് തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കാം. അരണ്ട ലൂമിന വെളിച്ചത്തിൽ നേർത്ത സംഗീതമാസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമിന്ന് തട്ടുകടകളിലുണ്ട്. സ്റ്റാർഹോട്ടലുകളിൽ കയറിയാൽ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം, സമയനഷ്ടം എന്നിവ ഒഴിവാക്കി വളരെ കുറഞ്ഞ ചെലവിൽ ഒരു കുടുംബത്തിന് സാധാരണ ബഡ്ജറ്റിൽ ആഡംബര ഭക്ഷണം ഉൾപ്പെടെ കഴിക്കാനുള്ള ഒരിടമായി തട്ടുകടകളിന്ന് മാറിക്കഴിഞ്ഞു.