പള്ളിക്കൽ: നഗരൂർ ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് തെരുവുവിളക്കെന്നാൽ വെറും കാഴ്ചവസ്തുക്കൾ മാത്രമാണ്. പതിനേഴ് വാർഡുകളിൽ ഓരോന്നിനും100 വീതം തെരുവുവിളക്കുകളാണ് ഗ്രാമ പഞ്ചായത്ത് അനുവദിച്ചത്. അതിൽ കുറച്ചൊക്കെ സ്ഥാപിച്ചു. എന്നാൽ ഇതിൽ ബഹുഭൂരിപക്ഷം ലൈറ്റുകളും തെളിയാതായിട്ട് മാസങ്ങളായി. തെളിയുന്നവയ്ക്ക് മിന്നാമിനുങ്ങിനെക്കാൾ വെട്ടക്കുറവുമാണ്. തെരുവു വിളക്കുകൾക്കായി ചില സ്ഥലങ്ങളിൽ സ്ട്രീറ്റ് മെയിൻ ലൈനുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. അതിനുള്ള ചെലവ് വഹിക്കേണ്ടത് ഗ്രാമപഞ്ചായത്താണ്. ആശുപത്രിയും പൊലീസ് സ്റ്റേഷനും ഉൾപ്പെടെയുള്ള പഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ നഗരൂരിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് വെളിച്ചം തൂകിയിട്ട് മാസങ്ങളേറെയായി. കച്ചവട സ്ഥാപനങ്ങളുടെ ലൈറ്റുകളണഞ്ഞാൽ പിന്നെ കൂരിരുട്ടാണ്. പഞ്ചായത്തിലെ ഉൾഗ്രാമങ്ങളിൽ പലയിടത്തും തെരുവുവിളക്കുകൾ ഇനിയും സ്ഥാപിച്ചിട്ടില്ല. കാട്ടുപന്നിശല്യം രൂക്ഷമായ ഇവിടെ തെരുവുവിളക്കുകൾ തെളിഞ്ഞാൽ കുറച്ചൊക്കെ രക്ഷപെടാം.