തിരുവനന്തപുരം: പേരൂർക്കടയിൽ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളിക്കോണം സ്വദേശി വിനീതയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് പ്രതി രാജേന്ദ്രൻ തമിഴ്‌നാട്ടിൽ 3 കൊലപാതകങ്ങൾ നടത്തിയതെന്ന് ഫോറൻസിക് വിദഗ്ദ്ധൻ കോടതിയിൽ മൊഴി നൽകി.കന്യാകുമാരി ആശാരിപള്ളം ഗവ.മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദ്ധനായ ഡോ.ആർ.രാജ മുരുഗനാണ് ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പ്രസൂൺ മോഹനന് മൊഴി നൽകിയത്.
കന്യാകുമാരി തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യ,ഭാര്യ വാസന്തി,13വയസുള്ള മകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പോസ്റ്റുമോർട്ടം നടത്തിയത് ഡോ.രാജ മുരുഗനായിരുന്നു. വിനീതയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതുപോലെയാണ് തമിഴ്നാട്ടിലെ 3 കൊലപാതക രീതിയും. ഇരകളുടെ ശബ്ദം പുറത്ത് വരാതിരിക്കാൻ സ്വനപേടകത്തിന് മുറിവേൽപ്പിക്കുന്ന രീതിയാണ് പ്രതി എല്ലായിടത്തും അവലംബിച്ചത്. മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും ഒരുപോലെത്തേതാണെന്നും ഡോക്ടർ മൊഴിനൽകി. ഇരയുടെ പിറകിലൂടെ എത്തിയാണ് കഴുത്തിൽ കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവുണ്ടാക്കുന്നത്. ഈ മുറിവ് പിന്നീട് മരണകാരണമായി തീരുമെന്നും ഡോക്ടർ മൊഴി നൽകി.സ്വർണം കവരാനായിരുന്നു ഈ കൊലപാതകങ്ങളെല്ലാം.
സുബ്ബയ്യയുടെയും കുടുംബത്തിന്റെയും കൊലക്കേസിലെ പ്രതിയാണ് രാജേന്ദ്രനെന്ന് ആ കേസുകളിൽ കുറ്റപത്രം നൽകിയ തമിഴ്‌നാട് സി.ബി.സി.ഐ.ഡി ഇൻസ്‌പെക്ടർ എൻ.പാർവ്വതിയും മൊഴി നൽകി.
പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ തമിഴ്‌നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടറെയും വിളിച്ചുവരുത്തണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ ഹാജരായത്.