തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചകമെന്ന് കരുതുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിനുമിടെ സി.പി.എം ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നു.


സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നതിനിടെ ഉയർന്ന് വന്ന നവീൻ ബാബുവിന്റെ ആത്മഹത്യയും അത് സംബന്ധിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായ പി.പി ദിവ്യയോടുള്ള പാർട്ടി സമീപനങ്ങളും സമ്മേളനങ്ങളിൽ ചർച്ചയായേക്കും.

ഒക്ടാേബറിൽ ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് പാർട്ടി ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. ലോക്കൽ സമ്മേളനങ്ങളിൽ പലയിടത്തും പാർട്ടിക്കും സർക്കാരിനുമെതിരായ വിഷയം ഉയർന്നിരുന്നു. ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിയെടുത്ത നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടേക്കാം.


പാലക്കാട് മണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറയിൽ സി.പി.എം നിലപാടുകളിൽ പ്രതിഷേധിച്ച് നൂറോളം പാർട്ടിയംഗങ്ങൾ വിമത കൺവെൻഷൻ വിളിച്ച് പരസ്യപ്രതിഷേധമറിയിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നുള്ള തിരിച്ചടിയിൽ ഇനിയും വിമർശനങ്ങൾ കെട്ടടങ്ങിയിട്ടില്ല. സംസ്ഥാനത്ത് സംഘപരിവാറിന്റെ വളർച്ച സംബന്ധിച്ച വലിയ ആശങ്കകളും സമ്മേളനകാലത്ത് പങ്കുവയ്ക്കപ്പെടും. പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായ ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളിൽ ഇത് ചർച്ചയാവാൻ ഇടയുണ്ട്.