
തിരുവനന്തപുരം: ഭാവി വികസനത്തിന് തടസമാവുമെന്നും നിലവിലെ ലൈനുകളെയും സർവീസിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി 9 ജില്ലകളിലെ 108 ഹെക്ടർ റെയിൽവേ ഭൂമി വിട്ടുനൽകാതിരുന്നാൽ സിൽവർ ലൈനിന്റെ 45% അലൈൻമെന്റ് മാറ്റേണ്ടി വരും. തിരുവനന്തപുരം മുതൽ മലപ്പുറം തിരുനാവായ വരെ നിലവിലെ ലൈനിൽനിന്ന് മാറിയാണ് അലൈൻമെന്റ്. കഴക്കൂട്ടത്ത് 10 കിലോമീറ്ററിലേ റെയിൽവേ ഭൂമി വേണ്ടിവരൂ. തിരുനാവായ മുതൽ കാസർകോടുവരെ 255കിലോമീറ്റർ നിലവിലെ റെയിൽപ്പാതയ്ക്ക് സമാന്തരമായാണ്. ഇവിടെ പുതിയ സർവേ നടത്തി അലൈൻമെന്റ് മാറ്റേണ്ടിവരും.
നഗരങ്ങളിൽ നിന്നുമാറി, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ പുതിയ അലൈൻമെന്റ് മാറ്റാനാണ് നീക്കം. അങ്ങനെയെങ്കിൽ ജനങ്ങളുടെ എതിർപ്പ് കുറയും. അലൈൻമെന്റ് മാറ്റിയാൽ ചെലവ് ഉയരാനും കുറയാനുമിടയുണ്ടെന്നാണ് കെ-റെയിലിന്റെ വിലയിരുത്തൽ. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈനിന് അനുമതി നൽകുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവ് പറഞ്ഞെങ്കിലും പ്രശ്നങ്ങൾ ഇതുവരെ കെ-റെയിലിനെ അറിയിച്ചിട്ടില്ല.
നിലവിലെ രണ്ട് ട്രാക്കുകൾക്കടുത്ത് രണ്ടെണ്ണംകൂടി (മൂന്ന്,നാല് ട്രാക്ക്) നിർമ്മിച്ച് 160കിലോമീറ്രർ വേഗത്തിൽ ട്രെയിനോടിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇത് നടപ്പായാൽ സിൽവർലൈനിന്റെ പ്രസക്തി ഇല്ലാതാവും. സ്റ്റാൻഡേർഡ് ഗേജിലാണ് സിൽവർലൈൻ. ഇതുമാറ്റി ബ്രോഡ് ഗേജാക്കണമെന്ന് റെയിൽവേ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയായാൽ വന്ദേഭാരത് അടക്കം ഇതിലൂടെ ഓടിക്കാം. എന്നാൽ, ബ്രോഡ്ഗേജാക്കിയാൽ പദ്ധതിച്ചെലവ് ഇനിയുമുയരും.
മൂന്ന്, നാല് ട്രാക്കുകൾക്ക് റെയിൽവേ
1.നിലവിലെ ഇരട്ടപ്പാതകൾക്ക് സമാന്തരമായി മൂന്ന്, നാല് ലൈനുകൾ എന്ന രീതിയിലാണ് സിൽവർലൈൻ അവതരിപ്പിച്ചത്. എന്നാൽ, മൂന്നുംനാലും പാതകൾ റെയിൽവേ പ്രഖ്യാപിച്ചിരിക്കുകയാണ്
2.സിൽവർലൈനിന് നീതിആയോഗ് കണക്കാക്കിയ 1.26ലക്ഷം കോടി മുടക്കാൻ സംസ്ഥാനം സന്നദ്ധമായ സാഹചര്യത്തിൽ മൂന്നുംനാലും പാതകളുടെ ചെലവ് പങ്കിടണമെന്ന് റെയിൽവേ ആവശ്യപ്പെടാനിടയുണ്ട്
3.സിൽവർലൈൻ ട്രാക്കുകൾ ബ്രോഡ്ഗേജാക്കണമെന്നും ഗുഡ്സ് ട്രെയിനുകൾ വേഗത്തിലോടിക്കാനുള്ള കരുത്തുണ്ടാവണമെന്നും നിലവിലെ ട്രാക്കുകളുമായി കണക്ഷൻ വേണമെന്നും ആവശ്യപ്പെടുന്നത് ഇതിനാലാണ്
''സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ദക്ഷിണ റെയിൽവേ അറിയിച്ചശേഷം തുടർചർച്ചകളുണ്ടാവും. ആവശ്യമെങ്കിൽ മാറ്റങ്ങൾക്ക് തയ്യാറാണ്
-കെ-റെയിൽ