
തിരുവനന്തപുരം: പട്ടികവിഭാഗക്കാർക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്മെന്റിന് രണ്ടു തവണ അപേക്ഷ ക്ഷണിച്ചിട്ടും അർഹതയുള്ളവർ അപേക്ഷിച്ചില്ലെങ്കിൽ പകരം ആ തസ്തിക മറ്റു വിഭാഗക്കാർക്കു നൽകാൻ സർക്കാർ തീരുമാനിച്ചു. സമാനമായ മറ്റൊരു തസ്തികയിൽ പട്ടികവിഭാഗക്കാർക്കു നിയമനം ഉറപ്പാക്കും.
ഒട്ടേറെ സ്‌പെഷൽ റിക്രൂട്‌മെന്റ് തസ്തികകളിൽ പലവട്ടം അപേക്ഷ ക്ഷണിച്ചിട്ടും ആളെ കിട്ടാത്തതിനാലാണു നിയമന നടപടിയിൽ ഭേദഗതി വരുത്തിയതെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ നിലവിലെ രീതീ മാറുമ്പോൾ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് പട്ടിക വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ. 2 തവണ അപേക്ഷ ക്ഷണിച്ചിട്ടും ആരെയും കിട്ടിയില്ലെങ്കിൽ ആ തസ്തികയുടെ യോഗ്യതയിൽ ഇളവു വരുത്തുന്നതാണ് നിലവിലെ രീതി. എന്നാൽ, ഇതിനായി സ്‌പെഷൽ റൂൾ ഭേദഗതി ചെയ്യുന്നതടക്കമുള്ള ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. ഇതു പൂർത്തിയാക്കാൻ ഏറെ സമയമെടുക്കുന്നതിനാലാണു പുതിയ തീരുമാനം. പകരം, സമാന തസ്തികയിൽ ജോലി നൽകുന്നതിനാൽ സംവരണ തത്വം പാലിക്കുന്നുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്