വിഴിഞ്ഞം: കൗതുകത്തിനായി ശശിധരൻ നിർമ്മിച്ചുതുടങ്ങിയ ബേപ്പൂരിലെ ഉരു കോവളം വഴി കടൽകടക്കുകയാണ്. ലക്ഷങ്ങൾ കൊടുത്ത് ഇത് സ്വന്തമാക്കാൻ വിദേശികളടക്കം എത്തുന്നു. കോഴിക്കോട് ബേപ്പൂർ ബോധീശ്വരം മാതാംപാട്ട് ഹൗസിൽ ശശിധരനാണ് (57) കോവളം ക്രാഫ്ട് ആൻഡ് ആർട്സ് വില്ലേജിൽ പായ്‌ക്കപ്പലിന്റെ (ഉരു) മിനിയേച്ചർ രൂപം നിർമ്മിക്കുന്നത്.
കേരളത്തിന്റെ തനത് ശില്പകലയായ ഉരു നിർമ്മാണം കണ്ടുവളർന്ന ശശിധരൻ കലയോടുള്ള കൗതുകത്തെ ജീവനോപാധിയായി മാറ്റുകയായിരുന്നു. ക്രാഫ്ട് വില്ലേജിലെ സന്ദർശകർ വാങ്ങാനെത്തിയതോടെ ആത്മവിശ്വാസമായി.
ഇതോടെ വിവിധ വലിപ്പത്തിലുള്ള ഉരു നിർമ്മിക്കാൻ തുടങ്ങി. 42 വർഷമായി ശശിധരൻ ഉരു നിർമ്മാണം ആരംഭിച്ചിട്ട്. മൂന്ന് മാസത്തോളമെടുത്ത് നിർമ്മിച്ച 14 അടി വലിപ്പത്തിലുള്ള ഒരു പായ്‌ക്കപ്പൽ 10 ലക്ഷം നൽകി ഹൈദരാബാദ് സ്വദേശി വാങ്ങിയിരുന്നു. നിലവിൽ 3 അടി മുതൽ പല വലിപ്പത്തിലുള്ളവ ഓർഡർ അനുസരിച്ച് നിർമ്മിച്ചുനൽകുന്നുണ്ട്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങളായി ഉരു നൽകുന്നവരും ഏറെയാണ്. തേക്കിൻതടിയിൽ നൈലോൺ നൂൽ, കോറ തുണി, സ്റ്റീലിന്റെ ചെറുവളയം എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം.
വലിപ്പവും നിർമ്മാണത്തിന് എടുക്കുന്ന സമയവും അനുസരിച്ച് 1000 രൂപ മുതൽ ലക്ഷങ്ങൾ വരെ വില വരുമെന്നു ശശിധരൻ പറയുന്നു.2 അടി മുതൽ 20 അടിവരെ വലിപ്പമുള്ള പായ്‌ക്കപ്പലുകൾ ചെയ്തിട്ടുണ്ട്. ചെറിയ മിനിയേച്ചറുകൾ ഒറ്റത്തടിയിലാണ് നിർമ്മിക്കുന്നത്. വലുത് തേക്കിൻതടികൾ ചെറുപലകകളാക്കി പാരമ്പര്യരീതിയിൽ നൂലുകൾ കൊണ്ട് കെട്ടിയാണ് നിർമ്മിക്കുന്നത്. നിരവധി മേളകളിൽ ശശിധരന്റെ ഉരു പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാര്യ ഷൈമയും സഹായിക്കും.