
തിരുവനന്തപുരം:മുനമ്പം തർക്ക പരിഹാരത്തെക്കുറിച്ച് ആലോചിക്കാനുള്ള ഔദ്യോഗിക യോഗം ഈ ആഴ്ച വിളിച്ചു ചേർത്തേക്കും. നവംബർ 16 ന് മന്ത്രിതല യോഗമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ മന്ത്രിമാർക്ക് പുറമെ നിയമ സെക്രട്ടറി ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികളെയും വക്കഫ് ബോർഡ് ചെയർമാനെയും പങ്കെടുപ്പിച്ച് യോഗം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
ഉപതിരഞ്ഞെടുപ്പിന്റെ തിരക്ക് കൂടി കഴിഞ്ഞിട്ട് പ്രശ്നം ചർച്ച ചെയ്യാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിയ സാഹചര്യത്തിൽ അത്രയും ദിവസം കാത്തിരിക്കുന്നത് ഗുണം ചെയ്യില്ലെന്ന ധാരണയിലാണ് യോഗം നേരത്തെയാക്കുന്നത്. മുനമ്പവുമായി ബന്ധപ്പെട്ടുള്ള അനാവശ്യ വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന ആശങ്കയുമുണ്ട്. പ്രതിപക്ഷം കടുത്ത സമ്മർദ്ദവുമായി രംഗത്തുണ്ട്.
മുനമ്പത്തെ തർക്കത്തിന്റെ പേരിൽ ഹൈക്കോടതിയിൽ നിലവിലുള്ള 10 കേസുകളിൽ നിയമനടപടി സ്വീകരിക്കേണ്ടത് എങ്ങനെയെന്ന് പരിശോധിക്കുന്നതിന് ഫയലുകൾ ഹാജരാക്കാൻ നിയമ സെക്രട്ടറിയോടു നിർദേശിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, പി. അബ്ദുറഹ്മാൻ എന്നിവരാവും ചർച്ചയിൽ പങ്കെടുക്കുക. മുനമ്പത്തെ ഭൂമി വക്കഫിന്റേതാണെന്നും തൽക്കാലം പ്രദേശ വാസികൾക്കു നോട്ടീസ് നൽകില്ലെന്നുമുള്ള വക്കഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീറിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു.