തിരുവനന്തപുരം: ഹിന്ദു, മുസ്ലീം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെ കുരുക്കിലാക്കി വാട്സാപ്പ് അധികൃതരുടെ മറുപടി. അദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ ഗോപാലകൃഷ്ണൻ തന്നെയാണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നാണ് പൊലീസ് അനുമാനം. അദ്ദേഹത്തിന്റെ സാംസംഗ് ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഫോണിലെ വിവരങ്ങൾ മായ്ച്ചു കളഞ്ഞ നിലയിലാണ്.
ഫോണിൽ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകളുടെ വിവരങ്ങൾ ഗൂഗിളിനോട് പൊലീസ് ആരാഞ്ഞിട്ടുണ്ട്. ഫോണുപയോഗത്തിന്റെ വിവരങ്ങൾ സേവനദാതാവിനോടും തേടി. അതേസമയം, ഇന്നലെ ഡി.സി.പി ഭരത്റെഡ്ഡിക്ക് നൽകിയ മൊഴിയിലും ഗോപാലകൃഷ്ണൻ ഹാക്കിംഗ് വാദം ആവർത്തിച്ചു. ഫോൺ ഹാക്ക്ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയത്. സുഹൃത്തുക്കൾ പറഞ്ഞാണ് വിവരമറിഞ്ഞതെന്നും മൊഴി നൽകി.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ ഉന്നതപദവി ഉറപ്പാക്കാൻ, താൻ കേരളത്തിൽ ഐ.എ.എസുകാർക്കിടയിൽ സ്വാധീനമുള്ളയാളാണെന്ന് കേന്ദ്രത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ അറിയിക്കാനായിരുന്നു ശ്രമമെന്നാണ് പൊലീസ് പറയുന്നത്. മുൻപ് രണ്ടുവട്ടം ഡെപ്യൂട്ടേഷന് ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ആദ്യം ഹിന്ദു ഉദ്യോഗസ്ഥരുടെ ഗ്രൂപ്പാണുണ്ടാക്കിയത്. വിവാദമായതോടെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ചില ജാതി അടിസ്ഥാനത്തിലെ ഗ്രൂപ്പുകളുമുണ്ടാക്കി. മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിൽ തന്നെ ചേർത്തതിനെതിരെ കൃഷിവകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള പൊലീസിൽ പരാതിനൽകി. ഇതേക്കുറിച്ചും അന്വേഷണമുണ്ട്.
നിയമോപദേശം
തേടാൻ പൊലീസ്
ഫോൺ ഹാക്ക് ചെയ്ത് 11 ഗ്രൂപ്പുണ്ടാക്കിയെന്ന ഗോപാലകൃഷ്ണന്റെ പരാതിയും വ്യാജമാണെന്ന് പൊലീസ് പറയുന്നു. ഗ്രൂപ്പുണ്ടാക്കിയ സമയത്തും പിന്നാലെയും ഫോണിന്റെയും വാട്സാപ്പിന്റെയും നിയന്ത്രണം ഗോപാലകൃഷ്ണനായിരുന്നു. പണമോ വിവരങ്ങളോ കവർന്നിട്ടില്ല. അതാണ് പൊലീസിന് സംശയത്തിനിടയാക്കിയത്. ഫോൺ ആവശ്യമെങ്കിൽ സി-ഡാക്കിലും പരിശോധനയ്ക്കയയ്ക്കും. അതേസമയം, വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതല്ലാതെ, സന്ദേശങ്ങൾ കൈമാറിയിട്ടില്ലാത്തതിനാൽ മതവിദ്വേഷ നടപടിക്ക് കേസെടുക്കേണ്ടതുണ്ടോയെന്ന് പൊലീസ് നിയമോപദേശം തേടും. ഗോപാലകൃഷ്ണൻ ചീഫ്സെക്രട്ടറി ശാരദാമുരളീധരനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ചീഫ്സെക്രട്ടറി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദം പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.