തിരുവനന്തപുരം: മഴ പെയ്താൽ ഒരു തുള്ളിവെള്ളവും പുറത്തേക്കില്ല, എല്ലാം കെട്ടിടത്തിനുള്ളിൽ തന്നെ. വേണ്ടത്ര പാത്രങ്ങൾ നിരത്തിയാൽ വെള്ളം ശേഖരിക്കുകയുമാവാം. സംസ്ഥാനത്തിന്റെ പൊതു ഗ്രന്ഥാലയമായ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ അവസ്ഥയാണിത്. റഫറൻസ് വിഭാഗത്തിന് മുന്നിലായി മഴവെള്ളം ശേഖരിക്കാൻ പാത്രവും വച്ചിരിക്കുന്ന ജീവനക്കാരുടെ സ്ഥിതി പരമദയനീയം. തറ മുഴുവൻ ടൈൽ പാകിയതിനാൽ പുസ്തകപ്രേമികൾ മഴവെള്ളത്തിൽ തെന്നി വീഴാനുള്ള സാദ്ധ്യതയുമുണ്ട്. നിറയെ വായനക്കാരുള്ള റഫറൻസ് വിഭാഗത്തിന്റെ ഭിത്തികൾ ചോർന്നൊലിച്ച് പെയിന്റ് പൊളിഞ്ഞ് ഇളകിയ നിലയിലാണിപ്പോൾ. ഇടനാഴിയുടെ മുകൾഭാഗത്തെ കോൺക്രീറ്റ് അടർന്നിരിക്കുന്നു. കഴിഞ്ഞ വർഷം ഓഫീസിന് മുകളിൽ നിന്ന് സിമന്റ് പാളി അടർന്ന് വീണതിനാൽ ഓഫീസിപ്പോൾ മലയാള വിഭാഗത്തിന്റെ മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്.പൈതൃകപ്പട്ടികയിലുള്ള അഭിമാന മന്ദിരമാണെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താനുള്ള സന്നദ്ധത ബന്ധപ്പെട്ടവർ കാട്ടാറില്ല.