തിരുവനന്തപുരം: കെ.എസ്.ആ‌ർ.ടി.സി തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ എമ‌ർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി. മന്ത്രി കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി മെഡിക്കൽ സെന്ററിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും യാത്രക്കാർക്കുമൊപ്പം സമീപത്തുള്ള ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്കും അടിയന്തര പ്രാഥമിക ചികിത്സ ലഭിക്കും.കെ.എസ്.ആർ.ടി.സിയും സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും നിംസ് മെഡിസിറ്റിയും സംയുക്തമായാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വൈകാതെ നെയ്യാറ്റിൻകര, നെടുമങ്ങാട് ബസ് സ്റ്റേഷനുകളിലും സംസ്ഥാനത്തെ 11 ഡിപ്പോകളിലും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ സ്ഥാപിക്കും.നിംസ് മെഡിസിറ്റിയിലെ ഒരു നഴ്സിംഗ് ഓഫീസർ സെന്ററിലുണ്ടാകും. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ബ്ലഡ് പ്രഷർ,ഷുഗർ എന്നിവ പരിശോധിക്കുന്നതിനും സ്ട്രെസ് ഒഴിവാക്കുന്നതിനുള്ള പരിഹാരവും അടിയന്തര പരിശോധനകളും സെന്ററിൽ നിന്ന് ലഭിക്കും. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ പലരും ദീർഘസമയം ജോലിചെയ്യുന്നതിനാൽ കടുത്ത സമ്മർദ്ദം നേരിടുന്നവരാണെന്നും ബസിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഈ സമ്മർദ്ദങ്ങൾക്ക് പരിഹാരമുണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രി ഗണേശ് കുമാർ പറഞ്ഞു.വനിതാ ജീവനക്കാർക്ക് ക്യാൻസർ പരിശോധന നടത്തുന്നത് അടക്കമുള്ളവയ്ക്കായി പ്രത്യേക പദ്ധതി തയാറാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.