തിരുവനന്തപുരം: വഴുതക്കാട് ജംഗ്ഷനിലെ പൈപ്പ് പണി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചിട്ട് രണ്ട് ദിവസമായിട്ടും നഗരത്തിൽ പലയിടത്തും വെള്ളം കിട്ടാത്തതിൽ പ്രതിഷേധം വ്യാപകം. മിക്കയിടത്തും വെള്ളം കിട്ടിയിട്ട് നാല് ദിവസമായി.പരാതി അറിയിക്കാൻ വാട്ടർ അതോറിട്ടി അധികൃതരെ ഫോണിൽ വിളിച്ചാൽ എടുക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

പേട്ട, ചാക്ക, വഞ്ചിയൂർ,ആനയറ,ജനറൽ ആശുപത്രി,സ്റ്റാച്യു,ഋഷിമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇതുവരെ വെള്ളം കിട്ടിത്തുടങ്ങിയിട്ടില്ല.സെക്രട്ടേറിയറ്റിന് മുമ്പിലുള്ള ട്യൂട്ടേഴ്സ് ലെയിനിൽ വെള്ളം കിട്ടിയിട്ട് നാല് ദിവസമായെന്നാണ് പരാതി.ചാക്ക അക്ഷരവീഥി പരപ്പാറ ലെയിനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വെള്ളമെത്തിയെങ്കിലും വൈകിട്ടോടെ നിലച്ചു. പേട്ട,വഞ്ചിയൂർ ഭാഗങ്ങളിലെ ചിലയിടങ്ങളിൽ ഇന്നലെ വൈകിട്ടോടെയാണ് വെള്ളമെത്തിയത്.

എന്നാൽ,നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ജലവിതരണം സുഗമമായി നടക്കുന്നുണ്ടെന്നും ചുരുക്കം ചില ഉയർന്ന ഭാഗങ്ങളിലാണ് പ്രശ്നമുള്ളതെന്നുമാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വാദം.താഴ്ന്ന പ്രദേശങ്ങളിൽ നല്ല മർദ്ദത്തിൽ തന്നെ വെള്ളമെത്തുന്നുണ്ട്. ബാക്കിയുള്ളയിടത്തെ പ്രശ്നം ഉടനെ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സെക്രട്ടേറിയറ്റിന് 300 മീറ്റർ മാത്രം ദൂരത്തിലുള്ള ട്യൂട്ടേഴ്സ് ലെയിനിൽ ശനിയാഴ്ച രാവിലെ മുതൽ വെള്ളം കിട്ടുന്നില്ല. നിരവധി സ്ഥാപനങ്ങളും പ്രായമേറിയവരും രോഗികളുമടക്കം നിരവധി ആളുകൾ ദിവസങ്ങളായി വലിയ ബുദ്ധിമുട്ടിലാണ്. പരാതി പറയാൻ ഫോൺ ചെയ്താലും അധികൃതർ എടുക്കാറില്ല.

:എം. മനോഹർ, ട്യൂട്ടേഴ്സ് ലെയിൻ സ്വദേശി

പി.ടി.പി നഗറിൽ വൻ പ്രതിഷേധം

നാല് ദിവസമായി വെള്ളം ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി പി.ടി.പി നഗർ എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു.കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.വഴുതക്കാട്ടെ പൈപ്പ് പണിയുമായി ബന്ധപ്പെട്ട് വേട്ടമുക്കിലെ വാൽവ് അടച്ചതോടെ തകരാറിലാവുകയും ജലവിതരണം മുടങ്ങുകയുമായിരുന്നു. പ്രതിഷേധത്തെ തുടർന്ന് മറ്റൊരു ലൈനിൽ നിന്ന് കണക്ഷൻ മാറ്റിനൽകി പ്രശ്നം പരിഹരിച്ചു. വൈകിട്ട് 4.30ഓടെ വെള്ളമെത്തിയതായി പി.ടി.പി നഗർ സ്വദേശി നാരായണൻ തമ്പി പറഞ്ഞു.