ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരനെ തെരുവ്നായ കടിച്ചു. ഇന്നലെ വൈകിട്ട് 3നായിരുന്നു സംഭവം. എയർ അറേബ്യ വിമാനത്തിൽ ഷാർജയിലേക്ക് പോവാനെത്തിയ പത്തനംതിട്ട സ്വദേശി എബി കെ. ജേക്കബിനെയാണ് രാജ്യാന്തര ടെർമിനലിന് മുന്നിൽ വച്ച് തെരുവുനായ കടിച്ചത്. ട്രോളിയിൽ ലഗേജുകളുമായി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് തെരുവ്നായയുടെ ആക്രമണം. ആക്രണത്തിൽ പരിക്കേറ്റ ഇയാൾ യാത്ര റദ്ദാക്കി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ദിവസങ്ങൾക്ക് മുമ്പ് രാജ്യാന്തരവിമാനത്താവളത്തിന്റെ ടെർമിനലിന് മുന്നിൽ യാത്രക്കാരനെ സ്വീകരിക്കാൻ കാത്തുനിന്നയാളെ തെരുവ് നായ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിന് മുമ്പും സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രാപകൽ വ്യത്യാസമില്ലാതെ ഇവിടം തെരുവ്നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. ലഗേജുകളുമായി ടെർമിനലിൽ നിന്നും പുറത്തിറങ്ങുന്ന യാത്രക്കാരെ ഉപദ്രവിക്കുന്നതിനൊപ്പം ഇവർ കൊണ്ടുവരുന്ന ലഗേജുകളും കടിച്ച് പറിക്കുന്നതും പതിവാണ്. യാത്രക്കാരെ സ്വീകരിക്കാൻ വരുന്നവർക്കായി സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളും തെരുവ്നായ്ക്കൾ കൈയടക്കിക്കഴിഞ്ഞു.