തിരുവനന്തപുരം: ഒമ്പതാമത് ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ വർക്ക്‌ഷോപ്പ് ഇന്ത്യ നാളെ മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. ലോകപ്രസിദ്ധ ഫിലിം ആർക്കൈവിസ്റ്റും റിസ്‌റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാർപൂരിന്റെ നേതൃത്വത്തിൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് ഫിലിം ആർക്കൈവ്സ് എന്നിവയുമായി സഹകരിച്ചാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് 5ന് ട്രിവാൻഡ്രം ഗോൾഫ് ക്ലബിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, നടിമാരായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി.എൻ.കരുൺ തുടങ്ങിയവർ പങ്കെടുക്കും. സിനിമാചരിത്രകാരൻ എസ്.തിയോടർ ഭാസ്‌കരന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിക്കും. 14വരെ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്സിലാണ് ശില്പശാല നടക്കുക. സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ, ഡിസാസ്റ്റർ റിക്കവറി, കാറ്റലോഗിംഗ്, ഫോട്ടോഗ്രാഫ് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പരിശീലന സെഷനുകളുമുൾപ്പെടുന്നതാണ് ശില്പശാല. ക്ലാസുകൾക്ക് ശേഷം റീസ്റ്റോർ ചെയ്ത ലോകസിനിമകളുടെ പ്രദർശനവുമുണ്ടായിരിക്കും.