തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ പെയ്ത മഴയിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. ഉച്ചയ്ക്ക് ശേഷം മഴ കനത്തതോടെ ഗതാഗതനിയന്ത്രണം ദുഷ്കരമായി.
വഴുതയ്ക്കാട്, കോട്ടൺഹിൽ സ്കൂൾ പരിസരത്ത് വെള്ളക്കെട്ടായതോടെ സ്കൂൾ വിട്ട സമയത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമായി.തിരുമല, വലിയവിള, പേയാട് ഭാഗങ്ങളിൽ നിന്ന് വഴുതക്കാട് എത്താൻ വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു.തമ്പാനൂർ, ബേക്കറി ജംഗ്ഷൻ, ചാക്ക,അട്ടക്കുളങ്ങര ബൈപ്പാസ്, ബീമാപള്ളി, പൂന്തുറ, പട്ടം,തേക്കുംമൂട്,ബണ്ട് കോളനി,ഉള്ളൂർ, മാണിക്യവിളാകം, ഇടയാർ,കല്ലാട്ട്മുക്ക്, പഴഞ്ചിറ,മണക്കാട്, കണ്ണമ്മൂല റോഡുകൾ വെള്ളത്തിൽ മുങ്ങി. തമ്പാനൂരിൽ ഇരുചക്രവാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയത്.
തമ്പാനൂർ എസ്.എസ് കോവിൽ റോഡിലും വെള്ളം നിറഞ്ഞു. മുട്ടത്തറ - വലിയതുറ മാർക്കറ്റ് റോഡ്,ഈഞ്ചയ്ക്കൽ ജംഗ്ഷൻ,കഠിനംകുളം താമരക്കുളം റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടായി. വൈദ്യുതി ലൈനുകൾക്ക് മീതെ മരക്കൊമ്പുകൾ ഒടിഞ്ഞുവീണത് പ്രശ്നം ഇരട്ടിപ്പിച്ചു. കരമന കാലടി മേഖലയിൽ കരമനയാറ്റിലെ വെള്ളം റോഡിലേക്ക് കയറിയത് കാൽനടയാത്രക്കാർക്കും തലവേദനയായി. വെള്ളം പോകാനുള്ള ചാല് മൂടിക്കിടക്കുന്നതാണ് പലയിടങ്ങളിലും പ്രശ്‌നമാകുന്നത്. കഴക്കൂട്ടത്തും വിഴിഞ്ഞത്തും വീടുകളിൽ വെള്ളം കയറി. സ്മാർട്ട് സിറ്റിയുടെ ഭാഗമായി നടക്കുന്ന പണികളും മഴ കാരണം വെള്ളത്തിലായി.