supreme-court

അതതു കാലത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി നിയമങ്ങൾ മാറ്റിയെഴുതുന്നത് സാധാരണമാണ്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായ സുപ്രധാന വിധി ഈ ഗണത്തിൽ പെടുത്താവുന്നതാണ്. സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ഏതു സ്വകാര്യ സ്വത്തും ഏറ്റെടുക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിലുള്ള ഒൻപതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. രണ്ടിനെതിരെ ഏഴംഗങ്ങൾ ഏകാഭിപ്രായം പ്രകടിപ്പിച്ച വിധിയെന്ന നിലയ്ക്ക് ഇവിടെയും ഈ വിഷയത്തിൽ രണ്ടഭിപ്രായം നിലനിൽക്കുകയാണെന്ന യാഥാർത്ഥ്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. രാജ്യത്തെ സ്വകാര്യ സ്വത്തുൾപ്പെടെ ഏതും സമൂഹത്തിന്റെ പുരോഗതിക്കും നന്മയ്ക്കുമായി ഗവൺമെന്റിന് ഏറ്റെടുക്കാമെന്ന 1977-ലെ ജസ്റ്റിസ് കൃഷ്ണയ്യർ അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ വിധി. ജസ്റ്റിസ് കൃഷ്ണയ്യരുടെ കാലത്ത് നിലനിന്ന സാമൂഹ്യവ്യവസ്ഥയും സാമ്പത്തിക സങ്കല്പങ്ങളുമല്ല ഇപ്പോൾ നിലവിലുള്ളതെന്ന പരമോന്നത കോടതിയുടെ നിരീക്ഷണമാണ് കാലത്തിനിണങ്ങുന്നത്.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അക്കാര്യം തന്റെ വിധിന്യായത്തിൽ പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. ഇത് സമർത്ഥിക്കാനുള്ള വ്യഗ്രതയിൽ ജസ്റ്റിസ് കൃഷ്ണയ്യരുടെ നിലപാടുകളെ അദ്ദേഹം തള്ളിപ്പറയുന്നുമുണ്ട്. ഭൂരിപക്ഷ വിധിയോട് എതിർപ്പുള്ള ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ബി.വി. നാഗരത്ന എന്നിവർ ചീഫ് ജസ്റ്റിസിന്റെ അനുചിത പരാമർശങ്ങൾ ഒട്ടും ശരിയായില്ലെന്ന അഭിപ്രായക്കാരാണ്. സഹജഡ്‌ജിമാരുടെ വികാരം മാനിച്ചുകൊണ്ട് വിധിപ്രസ്താവത്തിൽ നിന്ന് ഈ പരാമർശങ്ങൾ പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.

സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യം വച്ച് ഭൗതിക വിഭവങ്ങളുടെ തുല്യവിതരണം ഉറപ്പാക്കാൻ ഏതു സ്വകാര്യസ്വത്തും ഏറ്റെടുക്കാമെന്ന് ഭരണഘടനയുടെ 39 - ബി വകുപ്പ് പറയുന്നത്. ഇതനുസരിച്ച് എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന് മൊത്തം അവകാശപ്പെടാവുന്നതാണോ എന്ന സങ്കീർണ നിയമ പ്രശ്നമാണ് ഇപ്പോൾ കോടതി പരിശോധിച്ചത്.

39 - ബി വകുപ്പു പ്രകാരം പൊതുനന്മ ലക്ഷ്യമാക്കി സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുത്ത് നിർദ്ദിഷ്ട കാര്യങ്ങൾക്കായി വിനിയോഗിക്കാനോ പങ്കുവയ്ക്കാനോ ഗവൺമെന്റിന് അധികാരമുണ്ടെങ്കിലും ഏതു സ്വകാര്യ സ്വത്തിലും കൈവയ്ക്കാൻ പരിമിതികളുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സമൂഹത്തിന്റെ പൊതുനന്മ എന്ന വിവക്ഷയിലൂടെ വിശാലമായ സമൂഹ താത്‌പര്യം എന്നാണ് കോടതി ഉദ്ദേശിക്കുന്നത്. വിഭവങ്ങളുടെ പ്രത്യേകതകളും വിലയിരുത്തേണ്ടതുണ്ട്. പരിസ്ഥിതി, സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട ഭൗതിക വിഭവങ്ങൾ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും അത് സമൂഹത്തിന്റെ ഭൗതിക വിഭവം തന്നെയായി കണക്കാക്കാം. ഈ വിഭാഗത്തിൽ വരുന്ന വിഭവങ്ങൾ സ്വകാര്യ വ്യക്തികളുടെ പക്കൽത്തന്നെയിരുന്നാൽ ഉണ്ടാകാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. വനം, ധാതുക്കൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ, പ്രകൃതി വിഭവങ്ങൾ, സ്പെക്ട്രം തുടങ്ങിയ കാര്യങ്ങൾ 39-ബി വകുപ്പിന്റെ പരിധിയിൽ വരുന്നതിനാൽ അവ ഏറ്റെടുത്ത് സമൂഹ നന്മയ്ക്കായി പങ്കിടാൻ സർക്കാരിന് അധികാരമുണ്ട്.

പരമോന്നത കോടതി ഇപ്പോഴത്തെ വിധിയിലൂടെ ഏതെങ്കിലുമൊരു സാമ്പത്തിക സിദ്ധാന്തത്തെയോ പ്രത്യയ ശാസ്ത്രത്തെയോ പിന്തുണയ്ക്കുകയല്ല ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് പ്രത്യേകം എടുത്തുപറയുന്നുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യരുടെ സോഷ്യലിസ്റ്റ് ചിന്താഗതിയെയും സമീപനത്തെയും സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. അന്നത്തെ സ്ഥിതിയല്ല ഇന്ന് രാജ്യത്തുള്ളത്. സോഷ്യലിസ്റ്റ് പാതയിൽ നിന്ന് വിട്ടുമാറി കമ്പോളാധിഷ്ഠിത സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന രാജ്യത്തിന് പഴയകാല സിദ്ധാന്തങ്ങൾ യോജിക്കണമെന്നില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ വിധിയിൽ പറയുന്നത്. രണ്ടു പതിറ്റാണ്ടു മുൻപുള്ള മഹാരാഷ്ട്രയിലെ ഒരു കേസിലാണ് സുപ്രീംകോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്. മുംബയിലെ പഴക്കമേറിയ വാടകക്കെട്ടിടങ്ങൾ 70 ശതമാനം താമസക്കാരുടെ അനുമതിയോടെ ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തി പൊതുനന്മയ്ക്കായി വിനിയോഗിക്കാനുള്ള സർക്കാർ നീക്കത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഹർജി.