
ഒരു പരിധിവരെ, 2016ലെ വിജയംപോലെ, ട്രംപിന്റെ ഉജ്ജ്വലമായ തിരിച്ചുവരവാണ് ഈ തിരഞ്ഞെടുപ്പ്. പല പ്രത്യേകതകളും ഈ തിരിച്ചുവരവിനുണ്ട്. 127 വർഷത്തിലെ ചരിത്രത്തിൽ ആദ്യമായി, തുടർച്ചയായി അല്ലാതെ ഒരു പ്രസിഡന്റ് രണ്ടാം തവണ അധികാരത്തിൽ. രണ്ട് തവണയും തോൽപ്പിച്ചത് വനിതകളെ. മാത്രമല്ല കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ പ്രസിഡന്റ്. കേവലം ഇലക്ടറൽ കോളേജ് ഭൂരിപക്ഷത്തിൽ മാത്രമല്ല, ജനകീയ വോട്ടിലും വലിയ മുന്നേറ്റമാണ് ട്രംപ് നടത്തിയിട്ടുള്ളത്. 2020ൽ ബൈഡനോട് പരാജയപ്പെട്ട്, തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാതെ, കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ ട്രംപ് എങ്ങനെയാണ്, ഏതു വഴിയിലൂടെയാണ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയതെന്ന് പരിശോധിക്കുകയാണിവിടെ.
രാഷ്ട്രീയത്തിലും
വാർത്തയിലും താരം
നാലു വർഷമായി അധികാരത്തിൽ ഇല്ലെങ്കിലും രാഷ്ട്രീയത്തിലും വാർത്തയിലും മിന്നും താരമായിരുന്നു ട്രംപ്. പല കേസിലും കോടതി കുറ്റവാളി ആക്കിയപ്പോൾ വീരപരിവേഷം ലഭിച്ച ഇരയായി ട്രംപ് മാറി. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രണ്ടുതവണയുണ്ടായ വധശ്രമങ്ങൾ ജീവൻ പണയം വച്ചും അമേരിക്കയ്ക്കുവേണ്ടി പോരാടുന്ന വീരയോദ്ധാവാക്കി അദ്ദേഹത്തെ മാറ്റി. ചെവിയിൽ രക്തക്കറ പുരണ്ടുനിൽക്കുന്ന ചിത്രം ട്രംപിന്റെ വിജയം അന്നേ ഉറപ്പിച്ചതാണ്.
വിശ്വസ്തരുടെ കൂട്ടം
ട്രംപിനെ പൂർണമായും വിശ്വസിച്ച് അദ്ദേഹത്തിനുവേണ്ടി പണിയെടുത്തവരുടെ 'Make America Great Again" ക്യാമ്പയിൻ ഈ തിരഞ്ഞെടുപ്പിനെ വാശിയേറിയതും ട്രംപിന്റെ വിജയം ഉറപ്പിക്കുന്നതിലെയും പ്രധാന ഘടകമാക്കിയിരുന്നു. ഇതിന്റെ പ്രധാന കാരണം, ട്രംപ് മുന്നോട്ടുവച്ച ആശയങ്ങളും പരിപാടികളും വിചിത്രവും ചിലപ്പോൾ ജനാധിപത്യ വിരുദ്ധവുമായിരുന്നെങ്കിലും ഒരിക്കലും അദ്ദേഹം അതിൽ നിന്ന് പിന്നാക്കം പോയിരുന്നില്ലെന്നതാണ്. വിചിത്രമായ നിലപാടുകളിലെ സ്ഥിരത, അദ്ദേഹത്തിന് ഒരു വിശ്വസ്ത ആൾക്കൂട്ടത്തിന്റെ സ്ഥിര പിന്തുണ ഉറപ്പാക്കി.
സാമ്പത്തികവും കുടിയേറ്റവും
മിക്ക തിരഞ്ഞെടുപ്പ് സർവേകളിലും ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ജനം കണ്ടത് വിലക്കയറ്റവും സാമ്പത്തിക പ്രശ്നങ്ങളുമാണ്. സാമ്പത്തികത്തോടൊപ്പം പ്രാധാന്യത്തോടുകൂടി കണ്ടതാണ് കുടിയേറ്റം. ട്രംപ് കുടിയേറ്റത്തെ വളരെ തീവ്രമായിട്ടാണ് അവതരിപ്പിച്ചത്. കുടിയേറ്റവും അത് സൃഷ്ടിക്കുന്ന സാമ്പത്തിക- സാമൂഹ്യ പ്രശ്നങ്ങളും രാജ്യത്തെ തെറ്റായ ദിശയിലേക്കുനയിക്കുന്നു എന്ന് 75 ശതമാനത്തോളം ജനത വിശ്വസിക്കുന്നുണ്ടെന്ന് ചില സർവേകൾ കണ്ടെത്തിയിരുന്നു. തീവ്രദേശീയത ഉയർത്തുന്ന ട്രംപിന്റെ പ്രയോഗങ്ങൾക്കും പ്രിയമേറി ('ലോകം കണ്ട ഏറ്റവും വലിയ നാടുകടത്തൽ" തുടങ്ങിയ പ്രയോഗങ്ങൾ). നികുതിയിളവ് സംബന്ധിച്ച പ്രസ്താവനകൾ ട്രംപ് അനുയായികളെ ആകർഷിച്ചു. അതേസമയം നിലവിലെ സാമ്പത്തിക പ്രശ്നങ്ങളുടെ ഉത്തരവാദിയെന്ന നിലയിലും കുടിയേറ്റത്തെക്കുറിച്ച് വ്യക്തമായ നയം ഇല്ലാതിരുന്നതും കമലഹാരിസിന് വിനയായി.
കട്ട പുരുഷ പിന്തുണ
കമല ഹാരിസിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമായിരുന്നു ഗർഭച്ഛിദ്രം. ഇക്കാര്യത്തിൽ കമലയ്ക്ക് ഏകദേശം 12 ശതമാനം സ്‌ത്രീകളുടെ അധിക പിന്തുണ സർവേകൾ സൂചിപ്പിച്ചിരുന്നു. അതേ സർവേകൾ വിവിധ വിഷയങ്ങളിൽ പുരുഷന്മാരുടെ ഇടയിൽ ട്രംപിന് 14 ശതമാനം അധികം പിന്തുണ ഉറപ്പാക്കി. കൺസർവേറ്റിവ് പാർട്ടിയായ റിപ്പബ്ളിക്കൻസ് പൊതുവെ പുരുഷാധിപത്യ ആശയങ്ങൾ, തോക്ക് ഉപയോഗിക്കുവാനുള്ള അവകാശം എന്നിവയോട് കൂറ് പുലർത്തുന്നവരാണ്. 'MAGA" ക്യാമ്പിന്റെ മുൻനിരക്കാരെല്ലാം പുരുഷന്മാരാണ്. ഇവരുടെ പിന്തുണ ട്രംപിന്റെ തിരിച്ചുവരവിൽ നിർണായക ഘടകമായി.
ന്യൂനപക്ഷ കോട്ടകൾ ഇളകി
ഡെമോക്രാറ്റിക് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ശക്തിസ്രോതസാണ് വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾ. കറുത്ത വർഗക്കാർ, ലാറ്റിനോസ്, ഏഷ്യൻ അമേരിക്കൻസ്, ഇന്ത്യൻ അമേരിക്കൻസ് എന്നിവരുടെ ഇടയിൽ പരമ്പരാഗതമായി 90 ശതമാനം വരെ പിന്തുണ ഡെമോക്രാറ്റുകൾക്കാണ്. എന്നാൽ ഈ കോട്ടയിൽ കാര്യമായി വിള്ളലുകൾ ഉണ്ടാക്കാൻ ട്രംപിന് കഴിഞ്ഞെന്നുവേണം കരുതാൻ. സാമാന്യം നല്ല ശതമാനം ന്യൂനപക്ഷങ്ങൾ വസിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങൾ ട്രംപിനൊപ്പം കൂടാൻ ഇത് കാരണമായിട്ടുണ്ട്.
ബൈഡന്റെ വീഴ്ചകൾ
സാമ്പത്തികമായി വലിയ കോട്ടം ഒന്നും സംഭവിച്ചില്ലെങ്കിലും ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളുടെ, പ്രത്യേകിച്ചും വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വം കമലയ്ക്ക് പ്രശ്നമായി. കൂടാതെ കുടിയേറ്റത്തിൽ കൃത്യമായ നയം ഇല്ലാതിരുന്നതും പ്രധാന കാരണമായി. മാറ്റം കൊണ്ടുവരും, പ്രശ്നങ്ങൾ പരിഹരിക്കും എന്ന കമലയുടെ വാഗ്ദാനങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു അധികാരത്തിൽ ഇരുന്നപ്പോൾ, എന്തുകൊണ്ട് അവ പരിഹരിച്ചിരുന്നില്ലെന്ന ട്രംപിന്റെ ചോദ്യം. ചുരുക്കത്തിൽ ട്രംപിന്റെ വീരപരിവേഷവും എനർജിയും വൈകാരികതയും വാഗ്ദാനങ്ങളും വിചിത്രമായ വാദങ്ങളും അമേരിക്കൻ ജനതയെ ആകർഷിച്ചു. ട്രംപിന്റെ ഭാഷയിൽ, കമലയും ബൈഡനും സൃഷ്ടിച്ച അമേരിക്കയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ എന്നെ തിരിച്ചുവിളിച്ചു.
ബോക്സ്
ഇന്ത്യയുടെ ട്രംപ്
ട്രംപിന്റെ പ്രസിഡൻസിയിൽ ഇന്ത്യ- അമേരിക്ക ബന്ധം മെച്ചപ്പെടുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ട്രംപും നമ്മുടെ പ്രധാനമന്ത്രി മോദിയുമായി വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. ബംഗ്ളാദേശ് വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിന്റെ താത്പര്യം സംരക്ഷിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവന ഇന്ത്യ മതിപ്പോടെയാണ് കാണുന്നത്.
ട്രംപിന്റെ ചൈന നയം ഇന്ത്യയ്ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. ട്രംപ് ചൈനയ്ക്കെതിരെ വടി എടുത്താൽ ചൈനയിൽ നിന്ന് പല കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ സാദ്ധ്യതയുണ്ട്. ഇന്ത്യയുടെ 'Make in India, Make for the World" നയത്തിന് ഇത് ആക്കം കൂട്ടും. ട്രംപ് വിജയത്തിൽ സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടായ കുതിപ്പ് ഇതിന്റെ സൂചനയായി കാണാവുന്നത്. കൂടാതെ ട്രംപിന്റെ ചൈന വിരുദ്ധത, ഇന്ത്യ- അമേരിക്ക തന്ത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തും. അതുപോലെ സൈനികവും നൂതന സാങ്കേതിക വിദ്യയിലുള്ള സഹകരണവും ശക്തിപ്പെടാനാണ് സാദ്ധ്യത.
ട്രംപിന്റെ വിദേശനയ രീതിയും പ്രസക്തമാണ്. സ്വന്തം താത്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും അദ്ദേഹം പോകും. ആശയങ്ങളോ നിലപാടുകളോ ഇക്കാര്യത്തിൽ പ്രശ്നമല്ല. ഇന്ത്യയുടെ സ്വതന്ത്ര- ബഹുമുഖ വിദേശനയത്തോട് ചേർന്ന് നിൽക്കുന്നതാണത്. അതായത് കൂടുതൽ സ്വാതന്ത്യ്രത്തോടും ലക്ഷ്യബോധത്തോടുംകൂടി വിദേശനയം നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് കഴിയുന്ന സാഹചര്യം ട്രംപിന്റെ കീഴിലുണ്ടാകും. ഇതൊക്കെ അനുകൂല ഘടകമാണെങ്കിലും കാനഡ- ഇന്ത്യ വിഷയത്തിൽ അമേരിക്കൻ നയത്തിൽ മാറ്റത്തിന് സാദ്ധ്യത കുറവാണ്.
(UGC-MMTTC ഡയറക്ടറും കേരള സർവകലാശാലാ ക്യാമ്പസ് ഡയറക്ടറും പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമാണ് ലേഖകൻ)