
ലേഡി ലിബർട്ടി (സ്റ്റാച്യു ഒഫ് ലിബർട്ടി ) പുഞ്ചിരിച്ചില്ല. കമല ജയിച്ചാൽ ചിരിതൂകുമെന്ന ഭാവന വെറുതെയായി. രണ്ടുമാസം മുമ്പ് അമേരിക്കയിൽ സ്റ്റാച്യു ഒഫ് ലിബർട്ടി കണ്ടു മടങ്ങുമ്പോൾ ബോട്ടിൽ ഒപ്പമുണ്ടായിരുന്ന ജപ്പാൻ യാത്രികയുടെ ചോദ്യം ഓർക്കുന്നു. ' ലേഡി ലിബർട്ടിക്ക് എന്താണിത്ര വിഷാദം?" അമേരിക്കയിലെ സ്‌ത്രീ, പുരുഷ സമത്വമെന്നത് വെറും മിഥ്യയാണെന്ന് സൂചന നൽകുന്നതുപോലെ, ഏത് ആംഗിളിൽ നിന്ന് നോക്കിയാലും വിഷാദമായിരുന്നു ആ പ്രതിമയുടെ മുഖഭാവം. കമല വിജയിച്ചാൽ ലേഡി ലിബർട്ടി ഒരുപക്ഷേ പുഞ്ചിരിതൂകുമെന്ന് അന്ന് പറഞ്ഞിരുന്നു. അതെന്തായാലും ഉണ്ടായില്ല.
കമലയ്ക്ക് കടമ്പകൾ ഏറെയായിരുന്നു. വനിതാ പ്രസിഡന്റിനെ അംഗീകരിക്കാനുള്ള മനസ് ഇനിയും അമേരിക്കയ്ക്കുണ്ടായിട്ടില്ല. മാത്രമല്ല ജോ ബൈഡന്റെ ഭരണത്തിൽ അമേരിക്കൻ ജനത പൊതുവെ നിരാശരായിരുന്നു. സാമ്പത്തിക നയങ്ങളിലെ പാളിച്ചകൾ വ്യവസായ സമൂഹത്തിന്റെ കടുത്ത എതിർപ്പിന് ഇടയാക്കി. കമലഹാരിസ് ബൈഡൻ ഭരണകൂടത്തിന്റെ തുടർച്ചയായിരിക്കുമെന്ന പ്രതീതിയും തിരിച്ചടിയായി. സ്വന്തമായി ഒരു പ്രതിച്ഛായ ഉയർത്തിക്കാട്ടാനും കമലയ്ക്കായില്ല. തീപ്പൊരി പ്രാസംഗികയെന്ന വിശേഷണവും ഗർഭച്ഛിദ്രത്തിലടക്കമുള്ള നിലപാടുകളും സ്‌ത്രീവോട്ടർമാരുടെ മനസും കമലയെ പിന്തുണയ്ക്കുമെന്ന വാദവും വിലപ്പോയില്ല. ട്രംപുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വേൾഡ് ലീഡറാകാൻ കമലഹാരിസിന് കഴിയില്ലെന്നും അമേരിക്കൻ വോട്ടർമാർ വിശ്വസിച്ചു. ഇന്ത്യൻ വേരുകൾ ഉള്ളതിനാൽ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ കിട്ടുമെന്ന വാദവും പൊളിഞ്ഞു. ഇന്ത്യൻ സമൂഹത്തിനും ട്രംപ് തന്നെയായിരുന്നു പ്രിയങ്കരൻ. സി.എൻ.എന്നും ന്യൂയോർക്ക് ടൈംസും പോലുള്ള അമേരിക്കൻ മാദ്ധ്യമങ്ങൾ പറയുന്നത് കണ്ണുമടച്ച് വിശ്വസിച്ചാണ് ഇന്ത്യൻ മാദ്ധ്യമങ്ങൾ കമലയ്ക്ക് സാദ്ധ്യത പ്രവചിച്ചത്. ഇതിൽ ന്യൂയോർക്ക് ടൈംസ് ഒടുവിൽ നിഷ്പക്ഷത ചമഞ്ഞു. എന്നാൽ അമേരിക്കയിൽ ഉള്ളവർക്ക് അതല്ല യാഥാർത്ഥ്യം
എന്ന് നന്നായി അറിയാമായിരുന്നു. 'നൂറുശതമാനം ജയസാദ്ധ്യതയും ഡൊണാൾഡ് ട്രംപിനുതന്നെ." സുഹൃത്തും യു.എസിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയുമായ ജിം അന്ന് പറഞ്ഞു. കമല ഹാരിസിന് അനുകൂലമായ സർവേ ഫലങ്ങൾ വരുമ്പോഴായിരുന്നു ഈ പ്രവചനം.
1872ൽ വിക്ടോറിയ വുഡ്‌ഹാൾ എന്ന വനിത സ്‌ത്രീസമത്വത്തിനായി പൊരുതുന്ന അന്നത്തെ ഈക്വൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ മുതൽ ഇന്നുവരെ പ്രസിഡന്റായി ഒരു വനിതയെ അമേരിക്ക അവരോധിച്ചിട്ടില്ല. 1920 ആഗസ്റ്റിലാണ് വനിതകൾക്ക് അമേരിക്കയിൽ വോട്ടവകാശം തന്നെ ലഭിച്ചത്. ഹിലാരി ക്ളിന്റന് ജയിക്കാനാവാത്തിടത്ത് കമല ഹാരിസ് എങ്ങനെ ജയിക്കുമെന്നുള്ള ചോദ്യം പ്രസക്‌തമായിരുന്നു. മിഷേൽ ഒബാമയെ ആദ്യമേ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് വാദിച്ചവരുണ്ട്. താൻ മത്സരിക്കില്ലെന്ന് മിഷേൽ പറയുമ്പോഴും ഡെമോക്രാറ്റുകൾ മിഷേൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു. നാലുവർഷം കഴിഞ്ഞ് ഇനി മിഷേൽ മത്സരത്തിനിറങ്ങുമോ...? കാത്തിരുന്നു കാണാം.