a

കാലത്തിന്റെ പ്രയാണത്തിന് അനുസരിച്ച് ചുറ്റുപാടുമുള്ള ഓരോ കാര്യങ്ങൾക്കും വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളാവട്ടെ തീർത്തും അനിവാര്യവും. കേരളം സവിശേഷമായ ഒരു ഉപതിര‌ഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലാണ്. കേരള നിയമസഭയിലേക്ക് രണ്ട് സീറ്റുകളിലും ലോക്സഭയിലേക്കുള്ള ഒരു സീറ്റിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതുമുതൽ ഈ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരുന്നു. എന്നാൽ ഏറ്റവുമൊടുവിലായി പാലക്കാട്ടു നിന്നു വരുന്ന വാർത്തകളും അറിയുന്ന സംഭവങ്ങളും അത്ര ആശാസ്യകരമല്ല.

ആവേശത്തിരഞ്ഞെടുപ്പ്

കേരള സംസ്ഥാനം രൂപീകൃതമായ ശേഷം എത്രയോ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും നടന്നിരിക്കുന്നു. ജനങ്ങളുടെ ഏറ്റവും വലിയ അധികാരമായ വോട്ടവകാശം രേഖപ്പെടുത്താനുള്ള അവസരത്തെ ഉത്സവച്ഛായയിലാണ് എപ്പോഴും ജനങ്ങളും രാഷ്ട്രീയപാർട്ടികളും കാണാറുള്ളത്. രാഷ്ട്രീയ കക്ഷികൾ തമ്മിലും മുന്നണികൾ തമ്മിലും അവരുടെ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുമുള്ള അഭിപ്രായ അന്തരങ്ങളുടെ വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തിലുള്ള രേഖപ്പെടുത്തലുമാണല്ലോ ആത്യന്തികമായി തിരഞ്ഞെടുപ്പ്. അക്കാരണത്താൽ തന്നെ തിരഞ്ഞെടുപ്പിനും അതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾക്കും ഒരു കൃത്യതയും സുതാര്യതയും സത്യസന്ധതയുമൊക്കെ ആവശ്യമാണ്. ഉപരിപ്ളവമായെങ്കിലും ഇതെല്ലാം ഉറപ്പുവരുത്തിയാണ് ഓരോ തിരഞ്ഞെടുപ്പ് വേളകളും കടന്നുപോകാറുള്ളത്. ഫ്ളക്സും ബാനറുകളും സോഷ്യൽ മീഡിയയും ഓൺലൈൻ സംവിധാനവുമൊക്കെ വരുംമുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പോലുമുണ്ടായിരുന്നു ഒരു ആഘോഷപരിവേഷം. സ്ഥാനാർത്ഥി ചർച്ചകൾ പോലും നടക്കും മുമ്പേ എല്ലാ പാർട്ടികളുടെയും സജീവപ്രവർത്തകരും പ്രാദേശിക നേതാക്കളും നടത്താറുള്ള ഒരു പാച്ചിലുണ്ട്. ചുവരുകൾ ബുക്ക് ചെയ്യാൻ. ജനങ്ങളുടെ കണ്ണോട്ടമെത്തുന്ന ചുവരുകളിൽ തങ്ങളുടെ പാർട്ടി ചിഹ്നവും സ്ഥാനാർത്ഥിയുടെ പേരും എല്ലാകൊഴുപ്പോടെയും ആലേഖനം ചെയ്യാനുള്ള ഇടങ്ങൾ. അങ്ങനെ ഒരു പാർട്ടിയോ മുന്നണിയോ ബുക്ക് ചെയ്തുകഴിഞ്ഞാൽ അവിടെ എതിർകക്ഷിക്കാർ അതിക്രമിച്ചു കയറാതിരിക്കാനുള്ള സമാന്യമര്യാദയും, ഒരു നിയമപുസ്തകത്തിലും പറഞ്ഞിട്ടില്ലെങ്കിലും അന്ന് പുലർത്തിപ്പോന്നിരുന്നു.

അനുഭാവികളിൽ നിന്ന് പിരിച്ചെടുക്കുന്ന ചില്ലിക്കാശോ, എന്തെങ്കിലും സഹായത്തിന്റെ പേരിൽ സ്വയം പാർട്ടിക്ക് വിധേയത്വം പ്രഖ്യാപിച്ച്, കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം പാർട്ടിക്ക് നീക്കി വയ്ക്കുന്ന പ്രത്യുപകാര സദ്പുരുഷന്റെ സംഭവനയോ ഒക്കെ ഉപയോഗിച്ചാണ് ഈ ചുവർ ബുക്കിംഗും അനുബന്ധ ചുവരെഴുത്തുമൊക്കെ നടത്താറ്. രാത്രി പഴയ ടയറുകൾ കത്തിച്ചോ, പെട്രോൾ മാക്സ് തെളിച്ചോ കിട്ടുന്ന വെളിച്ചത്തിന്റെ അല്പശോഭയിൽ, കപ്പപുഴുക്കും കാന്താരി ചമ്മന്തിയും കട്ടൻകാപ്പിയും നൽകുന്ന പോഷണത്തിന്റെ പുഷ്ടിയിലായിരുന്നു നാട്ടിൻപുറത്തെ രാജാരവിവർമമാർ ചുവരെഴുത്ത് സാദ്ധ്യമാക്കിയിരുന്നത്. വടക്കു നിന്നെത്തുന്ന വണ്ടിയിൽ, ചാക്കുകളിലാക്കി എത്തുന്ന നോട്ടുകെട്ടുകൾ സ്വപ്നത്തിൽ പോലും ഒരു സംഘടനയുടെയും പ്രവർത്തകർ കണ്ടിരുന്നില്ല. തൊണ്ട പൊട്ടുമാറുച്ചത്തിൽ ഇടവഴികളിലും നടവഴികളിലും ചുറ്റി സഞ്ചരിച്ച് മുദ്രാവാക്യം മുഴക്കിയാണ് അന്നൊക്കെ സ്ഥാനാർത്ഥികളുടെ പേർ പ്രവർത്തകർ ജനമനസുകളിലേക്ക് പതിപ്പിച്ചിരുന്നത്. ആവേശത്തിന്റെ മൂർദ്ധന്യത്തിലേക്ക് എത്തുമ്പോൾ ചില്ലറ കശപിശകളൊക്കെ ഉണ്ടാവാറുണ്ടെങ്കിലും വോട്ടെടുപ്പ് കഴിയുന്നതോടെ എല്ലാം 'കോംപ്ളിമെന്റാ'വും. തോളിൽ കൈയിട്ടാവും പിന്നീട് എല്ലാ പാർട്ടിക്കാരും നടക്കാറ്.

നടപടികൾ

പ്രകോപനപരമാകരുത്

എന്നാൽ ഈ തിരഞ്ഞെടുപ്പ് കാഴ്ചകളൊക്കെ നമ്മിൽ നിന്ന് മെല്ലെ മെല്ലെ ചോർത്തപ്പെടുകയാണ്. ഫ്ളക്സും ബാനറും വന്നതോടെ ചുവരെഴുത്ത് എന്ന അക്കാഡമിക് പിൻബലമില്ലാത്ത കല അപ്രത്യക്ഷമായി. സോഷ്യൽ മീഡിയയും ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങളും സജീവമായതോടെ മൈക്ക് അനൗൺസ്മെന്റ് കേട്ടുകേൾവിയായി. പക്ഷെ ഇപ്പോൾ ഇതെല്ലാം കടന്ന് തിരഞ്ഞെടുപ്പ് പ്രചാരണമെന്നത് മാന്യതയുടെയും സാമൂഹ്യബോധത്തിന്റെയും കണികപോലുമില്ലാത്ത ഒരു തട്ടിക്കൂട്ട് പരിപാടിയായി മാറുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് പാലക്കാട്ട് നമ്മൾ കാണുന്നതും കേൾക്കുന്നതും. പുറത്തുവരുന്ന വാർത്തകളുടെ ആധികാരികതയെക്കുറിച്ചും അതിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ചുമൊന്നും ഇപ്പോൾ പറയുക വയ്യ. പക്ഷെ അന്തഃസിനും സാമാന്യ മര്യാദയ്ക്കും നിരക്കാത്ത കുറെ സംഭവങ്ങളുടെ പരമ്പരയാണ് അരങ്ങേറുന്നത്. പാലക്കാട്ടെ ഒരു ഹോട്ടലിൽ പാതിരാത്രി സമയത്ത് നടത്തിയ റെയ്ഡ് ആണ് വലിയ വിവാദമായിരിക്കുന്നത്. കോൺഗ്രസിന്റെ രണ്ട് പ്രമുഖ വനിതാ നേതാക്കൾ താമസിച്ച മുറിയിലുൾപ്പെടെയാണ് റെയ്ഡ് നടന്നത്. സംസ്ഥാന മഹിളാ കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി വഹിച്ചിട്ടുള്ള മഹിളകളാണ് രണ്ടാളും. മാത്രമല്ല, ഒന്നിലധികം തവണ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുള്ളവരുമാണ്. ഏതെങ്കിലും വിധത്തിലുള്ള 'ഇൻഫർമേഷൻ' പൊലീസിന് കിട്ടിയാൽ അത് അന്വേഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തം തന്നെയാണ്.അതിലൊന്നും ആർക്കും തർക്കമില്ല. പക്ഷെ അതിന് അവലംബിച്ച രീതി ന്യായീകരിക്കത്തക്കതല്ല. ഇത്തരം ഒരു സാഹചര്യത്തിൽ തികഞ്ഞ വകതിരിവ് കാട്ടേണ്ടത് പൊലീസിന്റെ കടമയായിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അവിടെ പൊലീസാണെങ്കിൽ പോലും പാലിക്കേണ്ട ചില്ലറ മര്യാദകളുണ്ട്. ഉത്തരവാദപ്പെട്ട സംഘടനയുടെ ഉത്തരവാദപ്പെട്ട വനിതാനേതാക്കൾ താമസിക്കുന്ന മുറി അർദ്ധരാത്രി റെയ്ഡ് ചെയ്യേണ്ട ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടെങ്കിൽ അതു ചെയ്യാം. പക്ഷെ ബന്ധപ്പെട്ടവരുടെ അനുമതി തേടി, മതിയായ വനിതാ പൊലീസിന്റെ സഹായത്തോടെ സമാധാനപരമായി വേണമായിരുന്നു അതൊക്കെ ചെയ്യാൻ. പാർട്ടി പ്രവർത്തകരും മാദ്ധ്യമങ്ങളുമൊക്കെ ഈ സന്ദർഭത്തിൽ അവിടെയെത്തണമെങ്കിൽ ഏതായാലും റെയ്ഡ് വിവരം ചോർന്നിട്ടുണ്ടാവണം. ഇതെങ്ങനെ ചോർന്നു. ഇങ്ങനെ കാടിളക്കി പരിശോധന നടത്തുന്നത് നിയമാനുസൃതമോ. ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ ഇത്തരം പ്രകോപനപരമായ നടപടികൾ കൊണ്ട് ആർക്ക് എന്ത് പ്രയോജനം. എന്തെങ്കിലും കുറ്റം ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിശ്ചയമായും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പക്ഷെ പരമാവധി സംയമനം പാലിച്ച് വേണം അത് ചെയ്യേണ്ടത്. അല്ലാതെ പ്രകോപനത്തിന്റെ മാർഗത്തിലൂടെ ആവരുത്.

 ഇതു കൂടി കേൾക്കണേ

ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് തിരഞ്ഞെടുപ്പുകൾക്ക് അതിന്റേതായ പ്രാധാന്യവും മഹത്വവുമുണ്ട്. കറപുരളാതെ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കാലെടുത്തു വയ്ക്കുന്ന ജനപ്രതിനിധികൾക്കേ അതിന്റെ മാന്യത നിലനിർത്താനാവൂ. അല്ലാതെ പണമെറിഞ്ഞും പണം വാങ്ങിയും നേടുന്ന വിജയങ്ങൾക്ക് ഒരുവിധ ശോഭയുമുണ്ടാവില്ല.