south-station

നേമം: പേരുമാറ്റി തിരുവനന്തപുരം സൗത്ത് സ്റ്റേഷനാക്കി മാറ്റിയ നേമം റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കാനിരുന്ന കോച്ചിംഗ് ടെർമിനലുൾപ്പെടെയുള്ള വൻ വികസനപദ്ധതി പ്രത്യേക കാരണമൊന്നുമില്ലാതെ വെട്ടിച്ചുരുക്കി. ഇതോടെ തലസ്ഥാനത്തേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ വരുമെന്ന പ്രതീക്ഷ മങ്ങി.

നേരത്തെ അംഗീകരിച്ച മാസ്റ്റർ പ്ളാനിൽ ട്രെയിൻ കമ്പാർട്ടുമെന്റുകളും ലോക്കോമോട്ടീവുകളും വൃത്തിയാക്കാനും പരിപാലിക്കുന്നതിനുമുള്ള 5 പിറ്റ് ലൈനുകളും, തീവണ്ടികൾ നിറുത്തിയിടാനും പരിപാലിക്കാനുമുള്ള 10 സ്റ്രേബ്ളിംഗ് ലൈനുകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ കരാർ നൽകിയപ്പോൾ പിറ്റ് ലൈനുകളുടെ എണ്ണം രണ്ടാക്കി വെട്ടിക്കുറച്ചു.10 സ്റ്രേബ്ളിംഗ് ലൈനുകളുണ്ടായിരുന്നത് മൂന്നാക്കിയും കുറച്ചു. പ്രതിഷേധമുയർന്നപ്പോൾ പിറ്റ് ലൈനുകൾ മൂന്നാക്കാൻ റെയിൽവേ വഴങ്ങി.എന്നാൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം കഴിഞ്ഞശേഷമേ മൂന്നാമത്തെ പിറ്റ്ലൈനിന്റെ നിർമ്മാണം തുടങ്ങുകയുള്ളൂ.

നിലവിലെ തീരുമാനപ്രകാരം 2026 ഫെബ്രുവരിയിലാണ് ആദ്യഘട്ടനിർമ്മാണം പൂർത്തിയാകുക. പണി നീണ്ടുപോയാലും സിവിൽ,ഇലക്ട്രിക്കൽ,സിഗ്നൽ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും എസ്റ്റിമേറ്ര് തുക പുതുക്കി നൽകേണ്ടിവരും.

ഷണ്ടിംഗിനായി ഉപയോഗിക്കാവുന്ന തരത്തിൽ സ്റ്രേഷനിൽ നിന്ന് തെക്കോട്ട് ഒരു കിലോമീറ്റർ നീളത്തിൽ കോച്ച് യാർഡിന്റെ പണിയാണ് ഇപ്പോൾ നടക്കുന്നത്. അതോടൊപ്പം പ്രാവച്ചമ്പലം - കാട്ടാക്കട റോഡിലുള്ള പാലവും അതിനടുത്തുള്ള കനാൽ പാലവും പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കും.

തിരുവനന്തപുരം സൗത്ത് കോച്ച് ടെർമിനൽ പദ്ധതിച്ചെലവ് - 116 കോടി

നിർമ്മാണം പൂർത്തിയാകുന്നത് - 2026 ഫെബ്രുവരിയിൽ

പദ്ധതിയിൽ വരുന്നത്

പിറ്റ് ലൈനുകൾ - 3

സ്റ്റേബ്ളിംഗ് ലൈൻ - 3

പ്ലാറ്റ്ഫോം - 4 (നിലവിൽ - 2)

സിക്ക്ലൈൻ ഷെഡ് - 1

പുതിയ സ്റ്റേഷൻ കെട്ടിടം - 90,000 സ്ക്വയർ ഫീറ്ര്

ഫുട്ഓവർ ബ്രിഡ്ജ്

സ്റ്രേഷനിൽ പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന സബ്‌വേ

ഹൈവേയിൽ നേമം സ്കൂളിനടുത്ത് കൂടി റെയിൽവേ സ്റ്രേഷനിലേക്ക് - പുതിയ നാലുവരിപ്പാത

സ്റ്റേഷൻ നിരപ്പിൽ പാർക്കിംഗ് ഏരിയാ

പുതിയ പാലം

രണ്ട് സ്പാനുകളിലായി 7.5 മീറ്രർ വീതിയും 48,18 മീറ്റർ നീളവും

ഫുട്പാത്ത് ഉൾപ്പെടെ പാലത്തിന്റെ മൊത്തം വീതി 11 മീറ്റർ (ഇടയ്ക്ക് ഡിവൈഡറും)