തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ വിലയേറിയ ശസ്ത്രക്രിയ ഉപകരണങ്ങൾ കേടായതെങ്ങനെയെന്ന് വിദഗ്ദ്ധസമിതി അന്വേഷിച്ച് രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പുറമെനിന്നുള്ള വിദഗ്ദ്ധൻ കൂടി സമിതിയിലുണ്ടാവണമെന്ന് അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
30 ഡിഗ്രി ടെലിസ്കോപ്പ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടാകുന്നതിന് മുമ്പും ശേഷവും പ്രതിമാസം എത്ര ശസ്ത്രക്രിയകൾ നടന്നെന്ന് അറിയിക്കണം. ചട്ടലംഘനം നടത്തിയ സീനിയർ ഫാക്കൽറ്റിമാർക്ക് എതിരെയെടുത്ത നടപടികളും അറിയിക്കണം. ജി.എസ്.ശ്രീകുമാർ, ജോസ് വൈ. ദാസ് എന്നിവരുടെ പരാതിയിലാണ് നടപടി. ജനുവരിയിൽ വീണ്ടും പരിഗണിക്കും.
സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കമ്മിഷനെ അറിയിച്ചു. ആശുപത്രി വികസന സമിതി ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് കേടായത്. സങ്കീർണവും വിലയേറിയതുമായ ഉപകരണങ്ങൾ അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെങ്കിലും അശ്രദ്ധയുണ്ടായി.
ശസ്ത്രക്രിയാ ദിവസവും ലൈറ്റ് കേബിൾ സോഴ്സ് കേടായി. ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച് വകുപ്പ് മേധാവി ഫാക്കൽറ്റിക്കും നഴ്സിംഗ് അസിസ്റ്റന്റുമാർക്കും മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നില്ല. ഓപ്പറേഷൻ തിയേറ്ററിൽ സീനിയർ യൂറോളജി ഫാക്കൽറ്റികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതിയുണ്ടെന്നും ഡയറക്ടറുടെ റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങൾ മനഃപൂർവം കേടാക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് വകുപ്പുതല അന്വേഷണ കമ്മിഷൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.