
ശരീര ഭാരം കൂട്ടുക എന്ന ആരാധകന്റെ നിർദ്ദേശത്തിന് ശക്തമായി പ്രതികരിച്ച് നടി സാമന്ത. ''വലിയ വെയിറ്റുള്ള അഭിപ്രായമാണിത്. ഞാൻ എന്റെ ഭാരത്തെക്കുറിച്ച് സംസാരിക്കുന്നത് പലയിടത്തും കണ്ടു. നിങ്ങൾ തീർച്ചയായും ഒരുകാര്യം അറിയണം. ഞാൻ കർശനമായ ആന്റി - ഇൻഫ്ളമേറ്ററി ഡയറ്റിലാണ്. അതുതുടരാൻ ഈ ഭാരം നിലനിറുത്തണം. എന്റെ അവസ്ഥയിൽ എന്നെ ഇപ്പോഴും നല്ല രീതിയിൽ നിറുത്തേണ്ടതുണ്ട്. സുഹൃത്തുക്കളെ, ജീവിക്കാൻ അനുവദിക്കൂ. ഇത് 2024 അല്ലേ.."" സാമന്ത പറഞ്ഞു. തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിൽ ആസ്ക് മി എനിതിംഗ് സെഷൻ സാമന്തഹോസ്റ്റ് ചെയ്തിരുന്നു. സെഷനിൽ ഒരു ഉപയോക്താവ് എഴുതി ,ദയവായി മാഡം കുറച്ച് ഭാരം വർദ്ധിപ്പിക്കുക, ദയവായി ബൾക്കിംഗ് തുടരുക എന്നാണ് പറഞ്ഞത്. ഇതിനായിരുന്നു സാമന്തയുടെ ശക്തമായ പ്രതികരണം. ആമസോൺ പ്രൈം ഷോ സിറ്റാഡൽ ഹണി സണ്ണിയുടെ പ്രൊമോഷനിലാണ് സാമന്ത. സ്പൈ ത്രില്ലർ സീരീസ് രാജ് ഡി.കെ സംവിധാനം ചെയ്യുന്നു. സിറ്റാഡൽ എന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. അതേസമയം രാജസ്ഥാനിലെ രൺതംബോറിൽ ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.